പാലക്കാട്: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്.  പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ശക്തമായ മഴ നിലനിൽക്കുന്നതുകൊണ്ടും അപകട സാധ്യത ഉള്ളതിനാലുമാണ് പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചത്. വെള്ളിയാങ്കല്ല് പാർക്ക്, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം, മംഗലം ഡാം ഉദ്യാനം എന്നീ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാണ് നിരോധിച്ചത്. 

മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ പ്രളയസമാനമാണ് പാലക്കാട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും. കനത്ത മഴയിൽ വെള്ളം കയറി നഗരത്തിലെ പ്രധാന ഹൗസിംഗ് കോളനികൾ പോലും വെള്ളത്തിനടിയിലായ അവസ്ഥയാണ്. വീടുകളിലെ ഒന്നാം നില വരെ വെള്ളം ഉയര്‍ന്നു. നഗരത്തിൽ അഗ്നി ശമന സേന അടക്കമുള്ള രക്ഷാപ്രവര്‍ത്തകരുടെ സംഘം ആളുകളെ ഒഴിപ്പിക്കാൻ പരിശ്രമിക്കുകയാണ്. യാക്കരപ്പുഴ കര കവിഞ്ഞ് ഒഴുകുന്ന അവസ്ഥയാണ്. രാവിലെ പെട്ടെന്നാണ് അനിയന്ത്രിതമായി വെള്ളം ഒഴുകിയെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

മലമ്പുഴ അണക്കെട്ട് തുറന്നപ്പോഴാണ് കഴിഞ്ഞ വര്‍ഷം പ്രളയം ഉണ്ടാത്. മംഗലം ഡാമും മലമമ്പുഴ അണക്കെട്ടും ഷട്ടര്‍ ഏത് നിമിഷവും തുറന്നേക്കും എന്ന അവസ്ഥയിലാണ്. അങ്ങനെ എങ്കിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം കയറാനിടയുണ്ട്. അട്ടപ്പാടി പൂര്‍ണ്ണമായും ഒറ്റെപ്പെട്ട അവസ്ഥയാണ്. എന്താണവിടെ സംഭവിക്കുന്നത് എന്ന് പോലും അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ അട്ടപ്പാടിയിലുള്ളത്. പല്ലശനയിലും അനങ്ങൻ മലയിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. മണ്ണാര്‍കാട് കരിമ്പ മേഖലയിലും ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്.  നെല്ലിയാമ്പതിയിലും ഉരുളുപൊട്ടിയിട്ടുണ്ട്. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ച അവസ്ഥിയാണിപ്പോൾ പാലക്കാട്ട് ഉള്ളത്.