ഇടുക്കി: കാലവര്‍ഷം കനത്തതോടെ മൂന്നാറിലേക്കുള്ള പ്രധാന പാതകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. റോഡിൽ യാത്ര ചെയ്യുമ്പോൾ ഏതുസമയത്തും മണ്ണിടിച്ചിൽ ഉണ്ടാകാമെന്ന ഭീതിയിലാണ് നാട്ടുകാരും യാത്രക്കാരും. കഴിഞ്ഞ പ്രളയത്തിൽ റോഡ് ഇടിഞ്ഞ ഭാഗങ്ങളിൽ ഭിത്തി കെട്ടുന്നതടക്കമുള്ള മുന്‍കരുതലുകൾ എടുക്കാത്തതാണ് മൂന്നാറിലേക്കുള്ള യാത്ര ദുസഹമാക്കുന്നത്.

കനത്ത മഴ തുടർന്ന് ദേവികുളം റോഡിലും മൂന്നാർ ഹെഡ് വര്‍ക്‌സ് ഡാമിന് സമീപവും കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞിരുന്നു. യന്ത്രസഹായത്തോടെ മണ്ണ് നീക്കിയെങ്കിലും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഈ ഭാഗത്തെല്ലാം വ്യാപകമായ മണ്ണിടിച്ചിലുണ്ടായിരുന്നു. എന്നാല്‍ പ്രളയമൊഴിഞ്ഞ് വർഷമൊന്നാകാറായിട്ടും മണ്ണിടിഞ്ഞ ഭാഗങ്ങളിൽ സുരക്ഷയൊരുക്കാൻ അധിക്യതർ തയ്യാറാകാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

മൂന്നാർ ടൗണിലെ റോഡുകളുടെ അവസ്ഥയും ദയനീയമാണ്. പഴയമൂന്നാര്‍ മുതലുള്ള റോഡുകളെല്ലാം പൊട്ടിപൊളിഞ്ഞുകിടക്കുകയാണ്. റോഡുകൾ മോശമായതിനാൽ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഇതിന് പുറമേയാണ് ഇപ്പോഴത്തെ മണ്ണിടിച്ചിൽ ഭീഷണി. ഈ സാഹചര്യത്തിൽ മഴയൊഴിഞ്ഞാൽ അടിയന്തരിമായി സംരക്ഷണ ഭിത്തി കെട്ടുന്നതിനൊപ്പം റോഡുകൾ സഞ്ചാരയോഗ്യമാക്കുക കൂടി ചെയ്യണമെന്നാണ് മൂന്നാറുകാരുടെ ആവശ്യം.