സിപിഎം സൈബർ ഗ്രൂപ്പായ റെഡ് ആർമിയിലാണ് ഭീഷണി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ലെന്നും എഫ്ബി പോസ്റ്റില്‍ പറയുന്നു.

കണ്ണൂര്‍: കണ്ണൂർപാനൂരിൽ കൊലവിളി തുടരുന്നു. ബോംബ് എറിയുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് റെഡ് ആർമി. സിപിഎം സൈബർ ഗ്രൂപ്പായ റെഡ് ആർമിയിലാണ് ഭീഷണി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ലെന്നും എഫ്ബി പോസ്റ്റില്‍ പറയുന്നു. നൂഞ്ഞബ്രം സഖാക്കൾ എന്ന അക്കൗണ്ട് വഴിയാണ് കൊലവിളി. സിപിഎം സ്തൂപം തകർത്ത ലീഗുകാരെ കബറടക്കുമെന്നുമാണ് ഭീഷണി. അതിനിടെ പാനൂരിൽ നിന്ന് രണ്ട് നാടൻ ബോംബുകൾ കണ്ടെടുത്തു.

നാലാം ദിവസവും പാനൂർ പാറാട് മേഖലയിൽ രാഷ്ട്രീയ സംഘർഷാവസ്ഥ തുടരുമ്പോൾ എരിരീതിയിൽ എണ്ണയൊഴിക്കുകയാണ് സിപിഎം സൈബർ ഗ്രൂപ്പുകൾ. സ്റ്റീൽ ബോംബ് എറിയുന്ന ദൃശ്യങ്ങൾക്ക് പോസ്റ്റ് ചെയ്തതിനൊപ്പം ഭീഷണി ഇങ്ങനെ " പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല." നൂഞ്ഞബ്രം സഖാക്കൾ എന്ന അക്കൗണ്ട് വഴിയും കൊലവിളിയുണ്ട്. ഇന്നലെ വിജയാഹ്ലാദത്തിനിടെ പാറാടുള്ള സിപിഎം സ്തൂപം ലീഗ് പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. ഇവരെ കബറടക്കുമെന്നാണ് സോഷ്യൽ മീഡിയ വഴിയുള്ള ഭീഷണി. 

ഇതിനിടെ കണ്ണൂർ പാനൂർ കുറ്റേരിയിൽ ശ്രീനാരായണമഠത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 2 നാടൻ ബോംബുകൾ കണ്ടെടുത്തു. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കി. മേഖലയിൽ സംഘർഷ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസിപിയുടെ നേതൃത്വത്തിൽ രാത്രിയിലും പൊലീസ് നിരീക്ഷണമുണ്ട്. അതേസമയം വടിവാൾ ആക്രമണങ്ങളും കല്ലേറും പാർട്ടി ഓഫീസുകളും സ്തൂപങ്ങളും പരസ്പരം ആക്രമിച്ചിട്ടും സമാധാന ശ്രമങ്ങൾക്ക് സിപിഎമ്മിന്റെയോ ലീഗിന്റെയോ നേതൃത്വം ഇതുവരെ ഇടപെട്ടിട്ടില്ല. കുന്നോത്ത് പറമ്പ് പഞ്ചായത്ത്, യുഡിഎഫ് പിടിച്ചെടുത്തതിന് ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിലേക്ക്, സിപിഎം പ്രവർത്തകർ അതിക്രമിച്ച് എത്തിയതാണ് സംഘർഷത്തിന് തുടക്കം.

അഞ്ച് സിപിഎം പ്രവർത്തകര്‍ അറസ്റ്റില്‍

പാനൂരിൽ യുഡിഎഫിന്‍റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി അക്രമം നടത്തിയ സംഭവത്തിൽ ഇന്നലെ അഞ്ച് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് പിടിയിലായത്. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ശനിയാഴ്ച വൈകിട്ട് കണ്ണൂര്‍ പാനൂരിൽ യുഡിഎഫിന്‍റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി സിപിഎം അക്രമം അഴിച്ചുവിട്ടത്. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയ അക്രമികൾ ചിലർക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.

25 വർഷങ്ങൾക്കുശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചു. പാറാട് ടൗണിൽ ആഹ്ലാദപ്രകടനം. ഇതിനിടയിലേക്ക് വാഹനങ്ങളിലെത്തിയ സിപിഎം പ്രവർത്തകർ യുഡിഎഫുകാർക്ക് നേരെ പാഞ്ഞ് അടുത്തു, കല്ലെറിഞ്ഞു. വടികൾ കൊണ്ട് തല്ലി. ലീഗ് ഓഫീസ് അടിച്ചു തകർത്തു. കല്ലെറിൽ പൊലീസ് ബസിന്റെ ചില്ലുകൾ തകർത്തു. ആൾക്കൂട്ടത്തിന് ഇടയിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞു. യുഡിഎഫ് പ്രവർത്തകരെ തിരഞ്ഞ് വടിവാളുമായി വീടുകളിലേക്ക് പാഞ്ഞ് കയറി. ചിലർക്ക് നേരെ വാളോങ്ങി. അരിശം തീരാഞ്ഞ് നിർത്തിയിട്ടിരുന്ന കാറും ബൈക്കും വെട്ടി പൊളിച്ചു. മണിക്കൂറുകളോളം പാറാടും പരിസരത്തും സിപിഎം അക്രമിസംഘം അഴിഞ്ഞാടി.

YouTube video player