തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. വടക്കന്‍ കേരളത്തോടൊപ്പം ഇടുക്കി ജില്ലയിലും മഴ ശക്തമാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം എണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് ആയിരിക്കും. 

കല്ലാർകുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും. പെരിയാർ, തൊടുപുഴയാർ, മുവാറ്റുപുഴയാർ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുളളതിനാല്‍ മലയോര മേഖലകളിലുളളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

'റെഡ്' അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര ( മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുക, ക്യാമ്പുകൾ തയ്യാറാക്കുന്നതുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നിവയാണ് 'റെഡ്' അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കുള്ള സാധ്യത വർധിക്കും.

ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകൾ

ആഗസ്റ്റ് 7 ന് - എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ 
ആഗസ്റ്റ് 8 ന് - തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ്   
ആഗസ്റ്റ് 9 ന് - ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്  

'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് 'ഓറഞ്ച്' അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. 

'യെല്ലോ' അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ആഗസ്റ്റ് 7 ന് - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കാസർകോട്    
ആഗസ്റ്റ് 8 ന് - എറണാകുളം 
ആഗസ്റ്റ് 9 ന് - എറണാകുളം, പാലക്കാട്, കണ്ണൂർ  
ആഗസ്റ്റ് 10 ന് - എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്