Asianet News MalayalamAsianet News Malayalam

കനത്ത മഴ: ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

ദേശീയ ദുരന്ത നിവാരണ സേനയുടെ പത്ത് യൂണിറ്റുകളാണ് അടിയന്തരമായി കേരളത്തിലേക്ക് എത്തുന്നത്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിൽ സേനയെ വിന്യസിക്കാനാണ് തീരുമാനം.

heavy rain pinarayi vijayan seek help of the National Disaster Response Force
Author
Trivandrum, First Published Aug 8, 2019, 11:41 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മഴക്കെടുതി വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കാനും മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. വടക്കൻ ജില്ലകളിലും ഇടുക്കി ജില്ലയടക്കം മലയോര മേഖലയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും ജനജീവിതം തന്നെ ദുസ്സഹമാക്കിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. നിരവധി പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങൾ വിലയിരുത്താനും ഏകോപിപ്പിക്കാനും മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തത്. 

കനത്ത മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. മൂന്നാറിലും നിലമ്പൂരിലും എൻഡിആര്‍എഫ് സംഘം രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ ഇപ്പോൾ തന്നെ സജീവമാണ്. പത്ത് യൂണിറ്റിനെ കൂടി സംസ്ഥാന വ്യാപകമായി വിന്യസിക്കാനാണ് തീരുമാനം. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സേനയുടെ സേവനം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ  ഓഫീസ് അറിയിച്ചു.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാൽ അതീവ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കെല്ലാം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് നിലവിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം കൊല്ലം ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. 

എന്നാൽ നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അണക്കെട്ടുകളിലെ ജലനിരപ്പിൽ ആശങ്ക വേണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. നിലവിൽ പ്രധാന അഞ്ച് അണക്കെട്ടിലും സംഭരണ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമെ വെള്ളമുള്ളു. അതുകൊണ്ട് തന്നെ ഈ മഴക്കൊന്നും അണക്കെട്ട് നിറഞ്ഞ് കവിയുന്ന സാഹചര്യം ഉണ്ടാകില്ലെന്നാണ് കെഎസ്ഇബി പറയുന്നത്. 

 

Follow Us:
Download App:
  • android
  • ios