തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായ സാഹചര്യത്തിൽ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. 

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. നാളെ പുലർച്ചെയോടെ കർണ്ണാടക തീരത്ത് വച്ച് ഇത് ടൗട്ടെ ചുഴലിക്കാറ്റായി മാറാനാണ് നിലവിൽ സാധ്യത. നേരിട്ട് സംസ്ഥാനത്തെ ബാധിക്കില്ലെങ്കിലും വടക്കൻ കേരളത്തിൽ ചുഴലിക്കാറ്റിന്റെ സ്വാധീനം ഉണ്ടാവും.

കേരളത്തിന്റെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. കൊല്ലം തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം അതിശക്തമായി. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിൽ ശക്തമായ കടൽ ക്ഷോഭത്തിൽ മൂന്ന് വീടുകൾ തകർന്നു. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. കൊവിഡ് പ്രോട്ടോക്കോൾ അടക്കം പാലിച്ച് 356 ക്യാമ്പുകളാണ് ജില്ലയിൽ സജ്ജമാക്കിയിട്ടുള്ളത്. ആലപ്പാട് പ്രദേശത്തും ദുരിതാശ്വാസ ക്യാംപ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

തൃശൂർ ചാവക്കാട്, കൊടുങ്ങല്ലൂർ തീരമേഖലയിൽ കടല്‍ക്ഷോഭം ശക്തമാണ്. ചാവക്കാട് നിരവധി വീടുകളിലേക്ക് വെള്ളം കയറി. കടപ്പുറം, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി, ആശുപത്രിപ്പടി തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കൊടുങ്ങല്ലൂർ തീരമേഖലയിൽ എറിയാട് ഒരു വീട് ഭാഗികമായി തകർന്നു. എടവിലങ്ങ് കാര വാക്കടപ്പുറം ചോറ്റാനിക്കര ദേവി ക്ഷേത്രവും കടലാക്രമണത്തിൽ തകർന്നു. നിരവധി  വീടുകൾ വെള്ളത്തിലായി. ഒരു കിലോമീറ്ററിലധികം പ്രദേശം വെള്ളക്കെട്ടിനുള്ളിലാണ്. 

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനാറാം വാർഡിൽ പല്ലന തോപ്പിൽ മുക്ക്  മുതൽ പല്ലന ചന്ത വരെയുള്ള ഭാഗങ്ങളിൽ അതി ശക്തമായ കടൽക്ഷോഭമാണുള്ളത്. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. ഏകദേശം പത്തോളം വീടുകൾ ഏത് സമയവും കടൽ എടുക്കാമെന്ന് അവസ്ഥയിലാണ്. 

തിരുവനന്തപുരത്ത് തീരദേശത്തടക്കം കടലാക്രമണവും മഴയും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പൂന്തുറ ചേരിയാമുട്ടം മേഖലയിൽ കടലാക്രമണം ശക്തമായി. കടൽ ഭിത്തിയോട് ചേർന്നുള്ള വീടുകളിൽ വെള്ളം കയറി. കരയിൽ നിർത്തിയിട്ടിരുന്ന വള്ളങ്ങൾക്കും കേടുപാടുകൾ പറ്റി. ജില്ലയിൽ 263 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. തീരദേശത്ത് പൊഴിയൂരിലടക്കം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്.  ശ്രീലങ്കയിൽ നിന്ന് ഗോവയിലേക്ക് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതടക്കം 5 ബാർജുകൾ മോശം കാലാവസ്ഥയെത്തുടർന്ന് കൊല്ലത്ത് തീരത്തടുപ്പിച്ചു. 

മലപ്പുറം പൊന്നാനി വെളിയങ്കോട് ശക്തമായ കടലാക്രമണത്തിൽ 50 വീടുകളിൽ വെള്ളം കയറി. വെളിയങ്കോട് പഞ്ചായത്തിലെ പത്തുമുറി, തണ്ണിത്തുറ, പാലപ്പെട്ടി  മേഖലകളിലാണ് കടൽക്ഷോഭം രൂക്ഷമായത്. ആവശ്യഘട്ടത്തിൽ മാറ്റിപ്പാർപ്പിക്കാൻ വെളിയങ്കോട് ഫിഷറീസ് എൽ.പി സ്കൂൾ സജ്ജമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona