തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നലെ രാത്രി വടക്കൻ ജില്ലകളിൽ പെയ്തത് കനത്ത മഴയാണ്. രാവിലെയോടെയാണ് മഴ അൽപം ശമിച്ചത്. നാളെ കോഴിക്കോട് റെഡ് അലർട്ടാണ്. 

വയനാട് അതീവജാഗ്രതയിൽ

വയനാട് വാളാടില്‍ മരം വീണ് ഇന്ന് രാവിലെ ആറുവയസ്സുകാരി മരിച്ചിരുന്നു. കുട്ടിയുടെ അച്ഛന് ഗുരുതര പരിക്കേറ്റു. വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് തോണേക്കര കോളനിയിലെ ബാബുവിന്‍റെ മകൾ ജ്യോതികയാണ് മരിച്ചത്. പുലര്‍ച്ചെ ശക്തമായ കാറ്റടിച്ചപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബാബുവിന്‍റേയും മകളുടേയും ദേഹത്ത് മരം വീണാണ് അപകടം. ആറുവയസ്സുകാരി ജ്യോതിക തല്‍ക്ഷണം മരിച്ചു. ഗുരുതരപരിക്കുകളോടെ ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയനാട് മുട്ടിൽ വില്ലേജില്‍ രണ്ട് വീടുകള്‍ മരം വീണ് ഭാഗികമായി തകര്‍ന്നു. വയനാട് ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിൽ മുന്നൂറ് മില്ലിമീറ്ററിന് മുകളിൽ മഴ ലഭിക്കാനാണ് സാധ്യത. നൂൽപ്പുഴ, പനമരം മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ, 12 ക്യാമ്പുകൾ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. മേഖലയിലെ  569 പേർ നിലവില്‍ ക്യാമ്പുകളിലാണ്. കണ്ടെയ്മെന്‍റ് സോണിലുള്ളവരെ പ്രത്യേകം മുറികളിൽ ആക്കുമെന്ന് വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള അറിയിച്ചു. 

വയനാട് വൈത്തിരി താലൂക്കിൽ ഇതുവരെ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 60 വയസ്സിന് മുകളിൽ ഉള്ളവർക്കും ക്വാറൻ്റീനിൽ കഴിയുന്നവർക്കും പ്രത്യേകം ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. പൊഴുതനയിൽ ക്വാറൻ്റീനിൽ കഴിയുന്ന 32 കുടുംബങ്ങളെ ലക്കിടിയിൽ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റി.

കോഴിക്കോട്ടും മലപ്പുറത്തും പെയ്തത് കനത്ത മഴ

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മലയോരമേഖലകളിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പുത്തുമല, കള്ളാടി മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചാലിയാർ, ഇരുവഞ്ഞി പുഴകളിൽ വെള്ളം കൂടാൻ സാധ്യതയുണ്ട്. തമിഴ്നാടിന്‍റെ മലയോര പ്രദേശങ്ങളില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചാലിയാറിലും കൈവഴിയായ കരിമ്പുഴയിലും കാഞ്ഞിരപ്പുഴയിലും ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ തൂതപ്പുഴയുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം.

കോഴിക്കോട് ജില്ലയിലും കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.ശക്തമായ കാറ്റില്‍ നിരവധി സ്ഥലത്ത് മരം വീണു. വൈദ്യുതി ബന്ധം താറുമാറായി. ഫാറൂഖ് കോളേജ് കരുമകൻ കാവില്‍ ആലക്ക് മുകളില്‍ മരം വീണ് പശു ചത്തു. ജില്ലയില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മുക്കത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലാണ് രാത്രി ഒമ്പത് മണിയോടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. മുക്കം കുറ്റിപ്പാല കിഴക്കുംപാടം പാലാട്ടു കുഴി ഷാജിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മണ്ണിടിച്ചിലിൽ 400 അടി താഴ്ചയുള്ള കുഴൽക്കിണർ മണ്ണിനടിയിൽപെട്ടു.

പാലക്കാട്ടും കനത്ത മഴ

തിരുവേഗപ്പുറയിൽ ഒരു വീട് ഇന്നലത്തെ മഴയിൽ ഭാഗികമായി തകര്‍ന്നു. വെള്ളിയാങ്കല്ല് റഗുലേറ്ററിന്‍റെ 27 ഷട്ടറുകളില്‍ ഇരുപത്തിയ‍ഞ്ചും തുറന്നു. മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം തകര്‍ന്ന 33 കെ വി വൈദ്യുത ടവറിന്‍റെ അറ്റുകുറ്റപ്പണി പുരോഗമിക്കുകയാണ്.

കണ്ണൂരിലും കനത്ത മഴ

കണ്ണൂരില്‍ മലയോര മേഖലയിലും നഗരത്തിലും മരങ്ങൾ വീണ് നാശനഷ്ടം ഉണ്ടായി. പയ്യാമ്പലത്തെ ഫ്ലാറ്റിന്‍റെ ജനല്‍ ചില്ലുകള്‍ ശക്തമായ കാറ്റില്‍ തകര്‍ന്നു. കണ്ണൂര്‍ സിറ്റി മേഖലയിൽ വീടുകള്‍ക്ക് ഭാഗികമായി കേടുപറ്റി. കാസര്‍ഗോഡ് കാഞ്ഞങ്ങാട്ട് തീരമേഖലയിലാണ് കൂടുതല്‍ നാശനഷ്ടം. ജില്ലയില്‍ പത്ത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വൈദ്യുതിബന്ധം പലയിടത്തും മുടങ്ങി.