കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ബുധനാഴ്ച ആഗസ്റ്റ് 7) കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. മലയോര മേഖലകളില്‍ മഴ കനത്തതോടെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. വിവിധയിടങ്ങളിൽ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ ഇന്നലെ തുറന്നു. വയനാട് അമ്പലവയല്‍ കരിങ്കുറ്റിയില്‍ മണ്‍ഭിത്തിയിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിലും ഉരുള്‍പൊട്ടലിലും വന്‍ നാശനഷ്ടമുണ്ടായ കുറിച്യർമലയിലും ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ട്. കഴിഞ്ഞ രാത്രിയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടർന്ന് കുറിച്യര്‍മലയില്‍ നിന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മാനന്തവാടി താലൂക്കിലെ വാളാട് നിരവില്‍പ്പുഴയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം എണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് ആയിരിക്കും. ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുളളതിനാല്‍ മലയോര മേഖലകളിലുളളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട്