തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രകൃതി ദുരന്തം നേരിടുന്നതിനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘം കേരളത്തില്‍ എത്തി. വയനാട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളിലായി എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു. ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉള്ള സംഘങ്ങള്‍ക്ക് പുറമെ ആണ് മൂന്ന് സംഘം എത്തിയത്. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴയും കടല്‍ക്ഷോഭവും തുടരുകയാണ്. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ,പാലക്കാട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടും മറ്റു ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത രണ്ട് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. രണ്ട് ദിവസമായി തുടരുന്ന മഴയിൽ വടക്കന്‍ കേരളത്തില്‍ പലയിടത്തും മണ്ണിടിച്ചിലിലും വ്യാപക നാശവുമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിൽ 73.4 മില്ലീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് പെയ്തത്.