Asianet News MalayalamAsianet News Malayalam

ആര്‍ത്തലച്ച് പെരുമഴ; സംസ്ഥാനത്ത് ഇന്ന് മാത്രം മരണം ഒമ്പത്

മലപ്പുറത്ത് നാല് പേരും കോഴിക്കോട് രണ്ട് പേരും വയനാട് രണ്ട് പേരും മരിച്ചു. കണ്ണൂരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായി തുടരുകയാണ്.

heavy rains continues in kerala death toll rises
Author
Thiruvananthapuram, First Published Aug 9, 2019, 7:48 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ നാശം വിതച്ച് ദുരിതപ്പെയ്ത്ത് തുടരുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം ഒമ്പതായി.

മലപ്പുറത്തെ എടവണ്ണയിലെ ഒതായിയില്‍ വീട് ഇടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ നാല് പേർ മരിച്ചു. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. കുട്ടശേരി ഉനൈസ്, നുസ്രത്ത്, സന, ശനിൽ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കിട്ടി. മാഫുൽ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.

ഇതിനിടെ, വയനാട് പുത്തുമലയിൽ രണ്ട് മൃതദേഹം കൂടി രക്ഷാപ്രവർത്തകർ  കണ്ടെത്തി. കൂടുതൽ ആളുകൾ മണ്ണിനടിയിലുണ്ടെന്നാണ് സംശയം. സൈന്യവും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കണ്ണൂര്‍ ഇരിട്ടി കിളിയന്തറ ടൗണിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെള്ളം ഇറങ്ങിയപ്പോഴാണ്  മൃതദേഹം കണ്ടെത്തിയത്. വില്ലൻപാറ സ്വദേശി ജോയി ആണ് മരിച്ചത്.

വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായി തുടരുകയാണ്. വടകര വിലങ്ങാട് ആലുമൂലയില്‍ ഇന്ന് രാവിലെ ഉണ്ടായ ഉരുൾപൊട്ടി നാലുപേരെ കാണാതായി. മൂന്ന് വീടുകള്‍ പൂർണമായും മണ്ണിനടിയിലായി. വടക്കൻ കേരളത്തിലെ മലയോര മേഖലകളിൽ പലയിടത്തും മണ്ണിടിച്ചിൽ തുടരുകയാണ്. വെള്ളം കയറി, നിലമ്പൂരും ഇരിട്ടിയും അടക്കമുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. ചാലിയാർ പുഴ ഗതി മാറിയൊഴുകി. പുഴയോരത്ത് താമസിക്കുന്നവർ ഉടൻ ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. രാത്രിയിലും മഴ തുടര്‍ന്നതോടെയാണ് പലയിടത്തും അപകടത്തിന്‍റെ വ്യാപ്തി വര്‍ധിച്ചത്. 

Follow Us:
Download App:
  • android
  • ios