കർണാടകയിൽ അതിശക്തമായ മഴയെ തുടർന്ന് ഷിമോഗയിൽ കുന്നിടിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കുടക്, ദക്ഷിണ കന്നഡ ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്, പലയിടത്തും റോഡുകളിൽ ഗതാഗതം തടസ്സപ്പെടുകയും ഡാമുകൾ തുറക്കുകയും ചെയ്തു
ബംഗളൂരു: കർണാടകയിലും കനത്ത മഴയിൽ വ്യാപക നാശം. ഷിമോഗയ്ക്ക് സമീപം തീർത്ഥഹള്ളിയിൽ വീടുകൾക്ക് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് മൂന്നുപേർ മരിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. ഇന്ദിരാ നഗറിൽ പുലർച്ചെ 2.40 ഓടെയായിരുന്നു സംഭവം. സമീപ വീടുകളിൽ താമസിച്ചിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചു. കുടകിൽ ദേശീയപാത 275 ൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഇവിടെ മരം വീണ് റോഡിൽ കുടുങ്ങിയ ടിപ്പറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. കുടക്, ദക്ഷിണ കന്നഡ, മംഗലാപുരം ജില്ലകളിൽ അതിശക്തമായ മഴയാണ് ഇന്നലെ രാത്രി പെയ്തത്. നേത്രാവതി പുഴയിൽ ജലനിരപ്പ് അപകട നിരപ്പിലേക്ക് എത്തിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി. കുമാരധാര നദിയും കരകവിഞ്ഞൊഴുകയാണ്. കബനി, ഹാരംഗി, തുംഗഭദ്ര ഡാമുകളിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിക്ക് അടുത്തെത്തിയതിനാൽ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുകയാണ്. അതേസമയം കേരളത്തിലും അതിശക്ത മഴ തുടരുകയാണ്.
കേരളത്തിലെ മഴ സാഹചര്യം
ഓറഞ്ച് അലർട്ട്
02 / 08 / 2026 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
02 / 08 / 2026 : തിരുവനന്തപുരം, കൊല്ലം
03 / 08 / 2026 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
06 / 08 / 2026 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

