തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിൽ പ്രതികരണവുമായി മേയർ വിവി രാജേഷ്. കോർപ്പറേഷൻ പരിധിയിലെ എല്ലാ ഓടകളും വൃത്തിയാക്കിയെന്നും ഇപ്പോൾ കാണുന്ന വെള്ളം കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള ഓടകളിൽ നിന്നുള്ളതല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു

തിരുവനന്തപുരം: തലസ്ഥാനത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിൽ നഗരത്തിൽ അനുഭവപ്പെട്ട രൂക്ഷമായ വെള്ളക്കെട്ടിൽ പ്രതികരിച്ച് മേയർ വി വി രാജേഷ്. വെള്ളക്കെട്ടിനെ നേരിടാനുള്ള കോർപ്പറേഷന്റെ മുന്നൊരുക്കങ്ങൾ പാളിയിട്ടില്ലെന്നും തങ്ങളുടെ പരിധിയിലുള്ള 101 വാർഡുകളിലെയും ഓടകൾ വൃത്തിയാക്കിയിട്ടുണ്ടെന്നുമാണ് തിരുവനന്തപുരം മേയർ പ്രതികരിച്ചത്. നഗരസഭ ഇടപെട്ടതുകൊണ്ടുമാത്രം കാര്യമില്ലെന്നും മേയർ അഭിപ്രായപ്പെട്ടു. നാല് നാലര മാസം കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്തിട്ടുണ്ട്. കോർപ്പറേഷന്‍റെ പരിധിയിലുള്ള 101 വാർഡിലും എല്ലാ ഓടകളും വൃത്തിയാക്കിയെന്നും മേയർ വിവരിച്ചു. നഗരത്തിൽ വെള്ളക്കെട്ടിന് കാരണമായ ഇപ്പോൾ ഉയർന്ന ഈ വെള്ളമൊക്കെ വരുന്നത് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഓടകളിൽ നിന്നല്ലെന്നും മേയർ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player

പരിഹാരമെന്തെന്ന് ജനങ്ങളുടെ ചോദ്യം

അതേസമയം വെള്ളക്കെട്ടിൽ ജനങ്ങൾ പൊറുതിമുട്ടിയ അവസ്ഥയാണ് ശനിയാഴ്ച തലസ്ഥാന നഗരത്തിൽ കണ്ടത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കിഴക്കേക്കോട്ട ബസ് സ്റ്റാൻഡും പഴവങ്ങാടി റോഡും തമ്പാനൂരും ചാക്കയുമെല്ലാം വലിയ തോതിലുള്ള വെള്ളക്കെട്ടിൽ മുങ്ങിയ നിലയിലായിരുന്നു. ആമയിഴഞ്ചാൻ തോടിന്റെ കൈവഴികൾ നിറഞ്ഞൊഴുകിയതും ഓടകളിൽ മാലിന്യം വന്ന് മൂടിയതും നഗരത്തെ മണിക്കൂറുകളോളം ദുരിതത്തിലാക്കി. ഒരു ചെറിയ മഴ പെയ്താൽ പോലും നഗരത്തിൽ അഴുക്കുവെള്ളം നിറയുന്ന പതിവ് സ്ഥിതിക്ക് ഇത്തവണയും മാറ്റമുണ്ടായില്ല. കിഴക്കേക്കോട്ടയിൽ യാത്രക്കാർക്ക് നിൽക്കാൻ പോലും ഇടമില്ലാത്ത സാഹചര്യമാണ് ഉണ്ടായത്. പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിൽ മുട്ടിന് മുകളിൽ വെള്ളം ഉയർന്നതോടെ സമീപത്തെ കടകളിലും വെള്ളം കയറി. തോടുകളിലൂടെയും ഓടകളിലൂടെയും വെള്ളം തടസ്സമില്ലാതെ ഒഴുകാൻ മുൻകൂട്ടി ചെയ്ത പണികളെല്ലാം വെറുതെയായോ എന്ന ചോദ്യം ഇതോടെ ശക്തമായിട്ടുണ്ട്. ഒരു ദിവസം മഴ തകർത്ത് പെഴ്തപ്പോൾ തന്നെ ഇതാണ് അവസ്ഥയെങ്കിൽ യഥാർത്ഥ കാലവർഷം എത്തുമ്പോൾ നഗരത്തിന്റെ സ്ഥിതി എന്താകുമെന്ന ചോദ്യമാണ് തലസ്ഥാന വാസികൾ ഒരേ സ്വരത്താൽ ഉയർത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചവരെല്ലാം പങ്കുവച്ച ആശങ്കയും ഇതുതന്നെയാണ്. ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. വരാനിരിക്കുന്ന കാലവർഷത്തിന് മുൻപ് ഈ ഗുരുതരമായ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ തലസ്ഥാന നഗരത്തിലെ അവസ്ഥ രൂക്ഷമാകുമെന്നതിൽ ആർക്കും സംശയമില്ല. കാലവർഷം വരാനിരിക്കെ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ തലസ്ഥാന നഗരം വെള്ളക്കെട്ടിലാകുന്ന ഗുരുതര സാഹചര്യമാകും സംഭവിക്കുകയെന്നാണ് തലസ്ഥാന വാസികൾ ഒന്നടങ്കം ചൂണ്ടിക്കാട്ടിയത്.