കൊച്ചി: കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത് കനത്ത കാവല്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി കേരളത്തില്‍ എത്തിയ സംഘം ഉച്ചകഴിഞ്ഞ് കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തുന്ന സാഹചര്യത്തിലാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ബാരിക്കേഡുകള്‍ ഉപയോഗിച്ച്  എന്‍ഐഎ ആസ്ഥാനത്തെ സുരക്ഷ ശക്തമാക്കുകയാണ്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി പുറപ്പെട്ട എൻഐഎ സംഘം പാലിയേക്കര ടോള്‍ പ്ലാസ പിന്നിട്ടു.

എഎസ്പി ഷൌക്കത്തലിയുടെ നേതൃത്വത്തിലാണ് എൻഐഎ സംഘമാണ് പ്രതികളുമായി വരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വപ്ന കേരളത്തിൽ നിന്ന് ഹോട്ട് സ്പോട്ടായ ബെംഗളൂരുവിലേക്ക് സഞ്ചരിച്ചതിനാൽ ഇവരെ ക്വാറന്‍റീന്‍ ചെയ്യണ്ടേി വരും. പുലർച്ചെ അഞ്ച് മണിയോടെയാണ് ബെംഗളൂരുവിൽ നിന്നും പ്രതികളുമായി എൻഐഎ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. വാളയാർ മുതൽ കൊച്ചി വരെ കേരളാ പൊലീസ് ഇവർക്ക് സുരക്ഷയൊരുക്കും. മൂന്ന് മണിയോടെ പ്രതികളെ കൊച്ചിയിൽ എത്തിച്ച് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും. തുടർന് കൊവിഡ് പരിശോധനയ്ക്കായി കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റും. 

അതേസമയം സ്വർണക്കടത്തിലെ മറ്റൊരു കണ്ണിയെന്ന് കരുതുന്ന റമീസിനെ മലപ്പുറത്ത് നിന്ന് കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചിട്ടുണ്ട്. കസ്റ്റംസ് കമ്മീഷണറുടെ നേതൃത്വത്തിൽ റമീസിനേയും  സരിത്തിനേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നതായാണ് സൂചന. ഇവരിൽ നിന്നും സ്വർണക്കടത്ത് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.