കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വേണ്ടിയുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സംഭരണ കേന്ദ്രങ്ങള്‍ സര്‍ക്കാറും സന്നദ്ധ സംഘടനകളും ചേർന്ന് തുടങ്ങിയിട്ടുണ്ട്. നഗരങ്ങള്‍ക്ക് പുറമെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഭരണ കേന്ദ്രങ്ങൾ തുടങ്ങിയത്. എന്നാല്‍, ഇവിടേക്ക് കഴിഞ്ഞ പ്രളയ കാലത്തേതു പോലെ സാധനങ്ങള്‍ എത്തുന്നില്ലെന്നാണ് ക്യാമ്പ് വളണ്ടിയർമാരുടെ പരാതി.

ക്യാമ്പുകളിൽ സാധനം എത്തിക്കുന്നതിൽ പൊതുവെ ഒരു വിമുഖത ഉണ്ടായിട്ടുണ്ട്. നാമമാത്രമായ ആളുകളാണ് പല കേന്ദങ്ങളിലും സഹായവുമായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം പ്രളയത്തിന്‍റെ തൊട്ടടുത്ത മണിക്കൂറുകളില്‍ തന്നെ സാധനങ്ങള്‍ എത്തിയത് ലോറികളിലായിരുന്നു. ഇത്തവണ ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് നാമമാത്രമായ വിതരണമാണ് നടക്കുന്നതെന്നും അധികൃതരടക്കം പറയുന്നു. 

ബിസ്ക്കറ്റുകള്‍, റസ്ക്ക്ക്, സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങള്‍, പായ, മരുന്നുകൾ, വെള്ളം. പയറുവർ​ഗം, അരി, തോർത്ത് എന്നിവയാണ് അത്യാവശ്യമായി വേണ്ടതെന്ന് കോഴിക്കോടുള്ള ദുരിതാശ്വാസ ക്യാമ്പിലെ വളണ്ടിയറും അഭിഭാഷകയുമായ ധന്യ പറഞ്ഞു. മാധ്യമങ്ങളിലൂടെയും മറ്റ് സംവിധാനങ്ങളിലൂടെയും വ്യാപകമായി അഭ്യര്‍ത്ഥിച്ചിട്ടും ആളുകള്‍ പല സംഭരണ കേന്ദ്രങ്ങളിലും സാധനങ്ങൾ എത്തിക്കുന്നില്ലെന്നും ധന്യ കൂട്ടിച്ചേർത്തു.