Asianet News MalayalamAsianet News Malayalam

ജയിലിൽ ഫോൺ വിളിക്കാൻ സഹായം, കൈക്കൂലി; കുറ്റസമ്മതം നടത്തി ഉദ്യോഗസ്ഥന്‍, കേസില്‍ പ്രതി ചേര്‍ക്കും

തടവുകാരെ ഫോൺ വിളിക്കാൻ സഹായിച്ചെന്ന് ചോദ്യം ചെയ്യലിൽ ഉദ്യോ​ഗസ്ഥൻ മൊഴി നൽകുകയും കുറ്റസമ്മതം നടത്തുകയും ചെയ്തിട്ടുണ്ട്.

Helping to make phone calls in prison and bribery Suspension of Prison Officer sts
Author
First Published Sep 27, 2023, 10:07 AM IST

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തടവുകാരുടെ മൊബൈൽ ഫോണ്‍ ഉപയോഗം. കൊലക്കേസ് പ്രതിയിൽ നിന്നും പിടികൂടിയ മൊബൈൽ കേന്ദ്രീകരിച്ച് പൂ‍ജപ്പുര പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥ സഹായം പുറത്തായത്. മൊബൈൽ ഉപയോഗിക്കാൻ സഹായം നൽകിയെന്നും പ്രതിഫലമായി തടവുകാരിൽ നിന്നും പണം വാങ്ങിയെന്നും ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് സന്തോഷ് പൊലിസിൻെറ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

കഴിഞ്ഞ മാസം പൂ‍ജപ്പുര ജയിലിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥരാണ് സിംകാർഡോടുകൂടി മൊബൈൽ കണ്ടെത്തിയത്. പൂജപ്പുര പൊലിസിൽ സൂപ്രണ്ട് പരാതി നൽകി. പൊലിസിൻെറ അന്വേഷണത്തിൽ മൊബൈൽ ഉപയോഗിക്കുന്നത് കൊലക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന റിയാസാണെന്ന് കണ്ടെത്തി. ആ ഫോണിലേക്ക് വന്നിരിക്കുന്ന 43 കോളുകളാണ്. ഇതിൽ മൂന്നു കോളുകള്‍ ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് സന്തോഷിൻെറതാണെന്ന് കണ്ടെത്തിയതോടെയാണ് പൂജപ്പുര പൊലിസ് ചോദ്യം ചെയ്തത്.

മൊബൈൽ റീചാർജ്ജ് ചെയ്യാനും ബാറ്ററി ചാർജ്ജ് ചെയ്യാനും തടവുകാരെ ജോലിക്കായി പുറത്തിറക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാൻ ഒത്താശ ചെയ്തുവെന്നും  സന്തോഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇതിന് പ്രതിഫലമായി തടവുകാരുടെ ബന്ധുക്കളുടെ അക്കൗണ്ടിൽ നിന്നും സന്തോഷിൻെറ ഭാര്യയുടെ അക്കൗണ്ടിലേക്ക് 69,000രൂപയും കൈമാറായതായി പൊലിസ് കണ്ടെത്തി. സന്തോഷിനെയും കേസിൽ പ്രതിചേർക്കും. റിയാസിനെ പൊലിസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥരുടെ ഒത്താശയുടെ കൂടുതൽ തെളിവുകള്‍ പൊലിസിന് ലഭിച്ചത്.

ആലപ്പുഴ കരുവാറ്റ സ്വദേശിയായ രതീഷെന്ന തടവുകാരനാണ്  സിംകാർഡ് ജയിലെത്തിച്ചത്. പരോളിന് പോയിട്ടു വന്നപ്പോഴാണ് സിംകാർഡെത്തിച്ചത്. ദേഹപരിശോധന കൂടാതെ സിംകാർഡും മൊബൈലുമെല്ലാം ജയിലേക്ക് കടത്താൻ ഉദ്യോഗസ്ഥ സഹായം ലഭിക്കുന്നുണ്ടെന്നാണ് മൊഴി. തടവുകാരെ ജോലിക്കായി പുറത്തിറക്കുമ്പോഴാണ് മൊബൈൽ ഉപയോഗിക്കാൻ ഉദ്യോഗസ്ഥർ സഹായം നൽകുന്നത്. ഇപ്പോള്‍ പിടികൂടി മൊബൈൽ കൂടാതെ മറ്റ് രണ്ട് ഫോണുകള്‍ കൂടി ഇതേ സിം ഉപയോഗിച്ചതായും പൊലീസിൻെറ സൈബർ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ സന്തോഷിനെ ജയിൽ മേധാവി സസ്പെൻ് ചെയ്തു. മൊബൈൽ കൂടാതെ ലഹരിവസ്തുക്കളും ജയിലേക്ക് കടത്താൻ ഉദ്യോഗസ്ഥ സഹായം തടവുകാർക്ക് ലഭിക്കുന്നുണ്ട്.

ലോറി കാറിലേക്ക് പാഞ്ഞുകയറി, കൈവരിയില്‍ ഇടിച്ചുനിന്നു, കാറിനുള്ളി‌ൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 


 

Follow Us:
Download App:
  • android
  • ios