'ഹേമ കമ്മിറ്റി അഭിമാനകരം, കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുത്': മുഖ്യമന്ത്രി പിണറായി വിജയൻ
കലാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും തിരുവനന്തപുരത്ത് പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: മനസ്സുകളെ മലിനമാക്കുന്ന പ്രവർത്തികൾ സിനിമാരംഗത്ത് ഉണ്ടാകരുതെന്നും കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണ്. കലാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും തിരുവനന്തപുരത്ത് പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് നിർഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം സിനിമാരംഗത്ത് ഉണ്ടാകണം. ഹേമ കമ്മിറ്റി മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി മോഹൻലാലും രംഗത്തെത്തിയിരുന്നു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അമ്മ മാത്രമല്ല, സിനിമാ രംഗം ആകെയാണെന്ന് മോഹൻലാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ചോദ്യ ശരങ്ങൾ വരുന്നത് തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ല. അമ്മയ്ക്ക് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നിർമ്മിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിർത്തിവച്ചിട്ടില്ല. ഗൂഗിൾ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ വ്യവസായം തകരാൻ പോവുന്ന സ്ഥിതിയാണ്. താൻ അഭിനയത്തിലേക്ക് വന്നപ്പോൾ ഒരു സൗകര്യവും ഉണ്ടായില്ല.
ഒരുപാട് നല്ല താരങ്ങളുള്ള വ്യവസായ രംഗമാണ്. മലയാള സിനിമയിലേക്ക് ഫോക്കസ് ചെയ്ത് ഈ മേഖലയെ ആകെ തകർക്കരുത്. സർക്കാരും പൊലീസും കുറ്റക്കാർക്കെതിരെയുണ്ട്. കോടതി വരെ എത്തി നിൽക്കുന്ന വിഷയമാണ് ഇത്. പതിനായിരക്കണക്കിന് പേർ ജോലി ചെയ്യുന്ന വ്യവസായ രംഗമാണിതെന്നും അദ്ദേഹം പറഞ്ഞു.അമ്മയിലെ രാജി തോൽവിയോ ഒളിച്ചോട്ടമോയല്ല. ആരോപണങ്ങൾ അനാവശ്യമായി തങ്ങളിലേക്ക് വരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരുപാടധികം നിർദ്ദേശങ്ങൾ ഉണ്ടായിട്ടുണ്ട്.
ഈ കമ്മിറ്റി നല്ല കാര്യമായാണ് തോന്നുന്നത്. ഈ സിനിമാ മേഖലയെ നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതാണ് നിർദ്ദേശം. ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ അത് പൊലീസിലേക്ക് അറിയിക്കുക. ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നത് ശരിയല്ല. മറ്റ് ഭാഷകളിൽ നിന്ന് വിളിച്ച് അന്വേഷിച്ചവരോട് ഹേമ കമ്മിറ്റിക്ക് സമാനമായ പഠന സംവിധാനം അവിടെയും ഉണ്ടാക്കാൻ നിർദ്ദേശിച്ചു.
എല്ലാവർക്കും തുല്യനീതി ഉറപ്പാക്കണം. താനൊരാൾ വിചാരിച്ചാൽ നിയമം മാറ്റാൻ സാധിക്കില്ല. ഈ പ്രതിസന്ധിയെ മറികടന്ന് മലയാള സിനിമാ മേഖലയെ പുനർ നിർമ്മിച്ച് എടുക്കണം. ജൂനിയർ ആർടിസ്റ്റുകൾക്ക് അസോസിയേഷൻ ഉണ്ടാകണം. നിയമ നിർമ്മാണ സമിതിയുണ്ടാകും. താരങ്ങൾ സെൻ്റിമെൻ്റലാണ്. വളരെയധികം സങ്കടമുണ്ട്. അമ്മയുടെ പ്രസിഡൻ്റ് എന്ന നിലയിലല്ല. ഏറെക്കാലം മലയാള സിനിമയുടെ ഭാഗമായി നിൽക്കുന്നയാളെന്ന നിലയിലാണ് പ്രതികരിക്കുന്നത്. ഇതൊരു വലിയ ദേശീയ അന്തർദേശീയ വാർത്തയായി മലയാള സിനിമാ രംഗം തകരാൻ കാരണമാവരുതെന്നും മോഹൻലാൽ പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8