ഹേമ കമ്മറ്റി റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നവംബർ 19ന് പരിഗണിക്കാമെന്ന് കോടതി എന്നറിയിച്ചു.
ദില്ലി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കാനുള്ള ഹൈക്കോടതി വിധി ഇപ്പോൾ സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാരിനും ഡബ്ള്യുസിസി അടക്കമുള്ള എതിർകക്ഷികൾക്കും സുപ്രീംകോടതി നോട്ടീസയച്ചു. സ്റ്റേ ആവശ്യം നവംബർ 19ന് വീണ്ടും പരിഗണിക്കും. അതേസമയം, ഹൈക്കോടതി ബഞ്ചിലെ ജഡ്ജിമാർ കേസെടുക്കും മുമ്പ് എസ്ഐടി അംഗങ്ങളെ ചേംബറിൽ കണ്ടതിനെ ഹർജിക്കാരൻ്റെ അഭിഭാഷകൻ മുകുൾ റോതഗി ചോദ്യം ചെയ്തു.
ഹേമകമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ ആണ് സുപ്രീംകോടതിയിൽ ഹർജി നല്കിയത്. ഹൈക്കോടതി വിധി സുപ്രീംകോടതി നിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോതഗി വാദിച്ചു. ഹർജി കേട്ട ഹൈക്കോടതി പ്രത്യേക ബഞ്ചിലെ ജഡ്ജിമാർ കേസ് പരിഗണിക്കും മുമ്പ് എജിയേയും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെയും ചേംബറിൽ കണ്ടിരുന്നു. കുറ്റപത്രം നല്കുന്നത് വരെ എഫ്ഐആർ പൂർണ്ണമായും കൈമാറില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം മൊഴികളുടെ അടിസ്ഥാനത്തിൽ നാല്പതോളം കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഈ സാഹചര്യത്തിൽ പ്രത്യേക മൊഴി ഇല്ലാതെ തന്നെ കേസെടുക്കുന്നത് എന്തിനെന്നും മുകുൾ റോതഗി ചോദിച്ചു.
ഹർജിയിൽ വാദം കേൾക്കാമെന്ന് സമ്മതിച്ച ജസ്റ്റിസ് വിക്രം നാഥ് അദ്ധ്യക്ഷനായ ബഞ്ച് സംസ്ഥാന സർക്കാരിനും വനിതാ കമ്മീഷൻ, ഡബ്ള്യു സിസി തുടങ്ങിയ എതിർ കക്ഷികൾക്കും നോട്ടീസ് അയച്ചു. വിധി ഉടൻ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. എതിർകക്ഷികളെ കേട്ട ശേഷം അടുത്ത മാസം പത്തൊമ്പതിന് സ്റ്റേ ആവശ്യം പരിഗണിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. ഹർജിക്കാരനായി മുകുൾ രോഹ്തഗിക്ക് പുറമെ മുതിർന്ന അഭിഭാഷകൻ കെ പരമേശ്വർ, അഭിഭാഷകൻ എ കാർത്തിക്, സൈബി ജോസ് കിടങ്ങൂർ എന്നിവരും സുപ്രീംകോടതിയിൽ ഹാജരായി.

