'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം'; രഞ്ജിനിയുടെ ഹർജി കോടതി തള്ളുമെന്നാണ് പ്രതീക്ഷയെന്ന് പി സതീദേവി
സിനിമ മേഖലയിൽ തെറ്റായ പ്രവണത ഉണ്ടെങ്കിൽ അത് പുറത്തുവരണമെന്നും പി സതീദേവി വ്യക്തമാക്കി.
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഹർജി കോടതിയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് ഇന്നു പുറത്തു വിടാതിരുന്നതെന്നും കോടതി രഞ്ജിനിയുടെ ഹർജി തള്ളുമെന്നാണ് പ്രതീക്ഷയെന്നും പി സതീദേവി പറഞ്ഞു. മുൻപ് ഉന്നയിക്കാത്ത ആവശ്യമാണ് രഞ്ജിനി ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും സ്വകാര്യത മാനിച്ചു കൊണ്ടായിരിക്കും റിപ്പോർട്ട് പുറത്തുവിടുകയെന്നും സതീദേവി അഭിപ്രായപ്പെട്ടു. റിപ്പോർട്ട് എന്തായാലും പുറത്തുവിടും. ഇക്കാര്യം സാംസ്കാരിക വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. സിനിമ മേഖലയിൽ തെറ്റായ പ്രവണത ഉണ്ടെങ്കിൽ അത് പുറത്തുവരണമെന്നും പി സതീദേവി വ്യക്തമാക്കി.
അതേ സമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹർജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. തിങ്കളാഴ്ച കോടതിയിൽ കേസ് പരിഗണിച്ചതിന് ശേഷം തുടർ തീരുമാനമെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്കാണ് ഈ അറിയിപ്പ് ലഭിച്ചത്.
വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തർക്ക് ഇന്ന് രാവിലെ 11 മണിക്ക് ഹേമ കമ്മിറ്റി റിപ്പോർട്ട് കൈമാറുമെന്നാണ് നേരത്തെ സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്. അതിനിടെയാണ് റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ഇന്ന് റിപ്പോർട്ട് പുറത്തുവിടേണ്ടെന്ന തീരുമാനത്തിൽ സാംസ്കാരിക വകുപ്പ് എത്തിയത്.