വയനാട് സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ പുറത്ത്. ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.

കോഴിക്കോട്: വയനാട് സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. കൊല്ലപ്പെട്ട ഹേമചന്ദ്രൻ ഉപയോഗിച്ചിരുന്നത് നിരവധി സിം കാർഡുകളാണെന്ന് കണ്ടെത്തി. രണ്ടു ഫോണുകളിൽ നിന്നായി രണ്ട് സിം കാർഡുകളാണ് ഇതുവരെ പൊലീസിന് ലഭിച്ചത്. മറ്റ് സിം കാർഡുകൾ മുഖ്യപ്രതി നൗഷാദ് മാറ്റിയെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രതികൾ ഒളിപ്പിച്ച ഫോണുകൾ മൈസൂരിൽ നിന്നുമാണ് കണ്ടെത്തിയത്. ഈ ഫോണുകളാണ് പരിശോധനയ്ക്ക് അയക്കുക.

നൗഷാദുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകൾ കൊലപാതകത്തിന് പിന്നിൽ ഉണ്ടെന്നാണ് പൊലീസിന്‍റെ അനുമാനം. 2024 മാർച്ചിലാണ് പ്രതികൾ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. കേസില്‍ അന്വേഷണം വഴി തിരിച്ചുവിടാന്‍ പ്രതികള്‍ വലിയ ആസൂത്രണം നടത്തി. കൊലപാതകത്തിന് ശേഷം ഹേമചന്ദ്രന്റെ ഫോണ്‍ പ്രതികള്‍ ഗുണ്ടല്‍പേട്ടില്‍ എത്തിച്ചു സ്വിച്ച് ഓണ്‍ ആക്കി. ഹേമചന്ദ്രന്‍ കര്‍ണാടകയില്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പദ്ധതി. ഈ ഫോണിലേക്ക് ഒരിക്കല്‍ കോള്‍ കണക്ടായപ്പോള്‍ ഹേമചന്ദ്രന്റെ മകള്‍ക്കുണ്ടായ സംശയമാണ് കേസില്‍ വഴിത്തിരിവായത്.

നൗഷാദിന്‍റെ അയൽപക്കത്തുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി ഉപദ്രവിച്ചാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ടായിരുന്നു. മൃതദേഹം വനത്തില്‍ കുഴിച്ചുമൂടിയ നിലയിലായിരുന്നു. കേസിലെ മുഖ്യപ്രതി നൗഷാദിനെ വിദേശത്ത് നിന്നും നാട്ടിൽ എത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.