ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എം പി. പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന മന്ത്രിയാണ് ഗണേഷ് കുമാറെന്നും കെഎസ്ആർടിസിയുടെ ഐശ്വര്യമാണ് അദ്ദേഹമെന്നും ഹൈബി പറഞ്ഞു. കോൺഗ്രസ് ഗണേഷ് കുമാറിനെതിരെ വിമർശനം ഉന്നയിക്കുന്നതിനിടെയുള്ള ഈ പ്രശംസ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്
കൊച്ചി: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എം പി. ഗണേഷ് കുമാർ പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആളാണെന്നും എറണാകുളം കെ എസ് ആർ ടി സി സ്റ്റാൻഡിന്റെ നവീകരണം അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. തകർന്നുപോയ ഒരു കപ്പലിനെ ശമ്പളം കൊടുക്കാവുന്ന അവസ്ഥയിലേക്ക് മാറ്റിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. കെ എസ് ആർ ടി സിയെ ആ നിലയിലേക്ക് മാറ്റിയതിൽ ഗണേഷ് കുമാറിനെ അഭിനന്ദിക്കുന്നുവെന്നും ഹൈബി വിവരിച്ചു. കെ എസ് ആർ ടി സിയുടെ ഐശ്വര്യമാണ് മന്തിയെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു. സോളാർ വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഗണേഷ് കുമാറിനെതിരെ കോൺഗ്രസ് ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടയിലെ ഹൈബിയുടെ പ്രശംസ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.

കെ എസ് ആര്‍ ടി സിയുടെ ബിസിനസ് ക്ലാസ് ബസ് നിരത്തിലേക്ക്
കെ എസ് ആർ ടി സിയുടെ ബിസിനസ് ക്ലാസ് ബസ് സര്‍വീസ് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്‍ കുമാര്‍. പാൻട്രി, ടോയ്‍ലറ്റ് സൗകര്യങ്ങളുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് ആയിരിക്കും സര്‍വീസ് നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യുന്നതിനൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാനാകും. ഈ മാസം 15 ഓടെ ബിസിനസ് ക്ലാസ് ബസ് എത്തുമെന്ന് മന്ത്രി കെ ബി ഗണേഷ്‍ കുമാര്‍ വ്യക്തമാക്കി. എറണാകുളത്തെ നവീകരിച്ച കെ എസ് ആർ ടി സി ബസ് സ്റ്റാന്‍ഡിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ബിസിനസ് ക്ലാസ് ബസ് സര്‍വീസുകളുടെ ഉദ്ഘാടനവും ഈ വേദിയിൽ നടന്നതായും മന്ത്രി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ ഉദ്ഘാടനം പറ്റാത്തതിനാലാണ് ഇപ്പോള്‍ ഉദ്ഘാടനം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ബസ് വന്നാൽ താൻ ഓടിച്ച് നോക്കി സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം - കൊച്ചി റൂട്ടിലാകും ആദ്യ സര്‍വീസെന്നും കെ ബി ഗണേഷ്‍ കുമാര്‍ പറഞ്ഞു.



