വിഷയം സെൻസെഷനലൈസ് ചെയ്യാൻ താല്പര്യമില്ലെന്നും രാധിക പറഞ്ഞു 

ചെന്നൈ: മലയാള സിനിമാ ലൊക്കേഷനുകളിലെ ക്യാരവനിൽ ഒളിക്യാമറ ഉണ്ടെന്ന നടി രാധികാ ശരത്കുമാറിൻറെ വെളിപ്പെടുത്തലിൽ അന്വേഷണം തുടങ്ങി. പ്രത്യേക അന്വേഷണ സംഘവുമായി സംസാരിച്ചെന്ന് രാധിക ഏഷ്യാനെറ്റ് ന്യൂസിനോട്‌ പറഞ്ഞു. വിഷയം സെൻസെഷനലൈസ് ചെയ്യാൻ താല്പര്യമില്ലെന്നും രാധിക പറഞ്ഞു.

മലയാള സിനിമാ ലൊക്കേഷനിലെ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നും സെറ്റില്‍ പുരുഷന്‍മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ചിരിക്കുന്നുവെന്നും നടുക്കത്തോടെയാണ് രാധികാ ശരത് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയത്. വാര്‍ത്ത കണ്ടയുടന്‍ ഇടപെട്ട പ്രത്യേക അന്വേഷണം സംഘം രാധികാ ശരത് കുമാറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം തുടങ്ങിയിരുന്നു. രാധികയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യതയുമാണ് പൊലീസ് പരിശോധിക്കുന്നത്.

അതേസമയം ഏഷ്യാനെറ്റ് ന്യൂസിലൂടെ രാധിക ശരത്കുമാർ വെളിപ്പെടുത്തിയ മലയാള സിനിമയിലെ ഞെട്ടിക്കുന്ന ദുരനുഭവം ദേശീയ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്. പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം രാധികയുടെ വെളിപ്പെടുത്തൽ അതീവ പ്രാധാന്യത്തോടെ ഏറ്റെടുത്തിട്ടുണ്ട്. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ നടിമാരുടെ നഗ്നദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നുമാണ് രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

Namaste Keralam | Asianet News Live | Malayalam Film | AMMA | Hema Committee | ഏഷ്യാനെറ്റ് ന്യൂസ്