കോഴിക്കോട്: ജില്ലയില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് അതീവ ജാഗ്രത. പക്ഷിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്ത് കോഴിക്കോട് കൊടിയത്തൂരിലെ കോഴിഫാമില്‍ ആയിരത്തോളം കോഴികള്‍ ഇതിനോടകം ചത്തുവെന്നാണ് വിവരം. കൊടിയത്തൂരിലെ കോഴി ഫാമിന് പുറമേ വേങ്ങേരിയിലെ ഒരു നഴ്സറിയില്‍ വളര്‍ത്തുന്ന കോഴികളിലും പക്ഷിപ്പനി കണ്ടെത്തിയിട്ടുണ്ട്. രണ്ടിടത്തും ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. 

രോഗം സ്ഥിരീകരിച്ച രണ്ടിടത്തും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മൃഗസംരക്ഷണവകുപ്പ് നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. രണ്ടിടത്തും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെ മുഴുവന്‍ നാളെ കൊന്ന് കത്തിക്കാന്‍ ആണ് തീരുമാനം. നാളെ രാവിലെ മുതല്‍ ഇതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. 

കോഴികളേയും മറ്റു പക്ഷികളേയും കൊല്ലുന്നത് കൂടാതെ ഇവയുടെ കൂടും നശിപ്പിക്കാനാണ് തീരുമാനം. വേങ്ങേരിയിലും കൊടിയത്തൂരിലും പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കോഴിക്കടകളും പൂട്ടിയിടാനും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം പക്ഷിപ്പനി ഇതുവരെ ആളുകളിലേക്ക് പടർന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

പ്രതിരോധ നടപടികളുടെ ഭാഗമായി കൊടിയത്തൂരിൽ 6193 കോഴികളെയും കോഴിക്കോട് കോർപ്പറേഷനിൽ 3524 കോഴികളേയും ചാത്തമംഗലം പഞ്ചായത്തിൽ 3214 കോഴികളെയും നശിപ്പിക്കാനാണ് തീരുമാനം. രോഗം ബാധിച്ചതിന് 10 കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള 25  ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. 

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. 2016 - ലാണ് സംസ്ഥാനത്ത് ഇതിനുമുന്‍പ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുട്ടനാട് ഭാഗത്തെ താറാവുകള്‍ക്കായിരുന്നു അന്ന് രോഗം ബാധിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി ആയിരക്കണക്കിന് താറാവുകളെയാണ് അന്ന് കൊന്നൊടുക്കിയത്.