കോഴിക്കോട്: ഉറവിടം തിരിച്ചറിയാനാവത്ത കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോഴിക്കോട് നഗരത്തിൽ കൊവിഡ് ജാഗ്രത കർശനമാക്കുന്നു. ജൂൺ 27-ന് ആത്മഹത്യ ചെയ്ത ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിക്കുകയും, ​കല്ലായി സ്വദേശിനിയായ ​ഗ‍ർഭിണിയുടെ വൈറസ് ഉറവിടം കണ്ടെത്താൻ സാധിക്കാതെ വരികയും ചെയ്തതോടെയാണ് കോഴിക്കോട് ന​ഗരത്തിൽ വീണ്ടും ജാ​ഗ്രതയും നിരീക്ഷണവും ശക്തമാക്കുന്നത്. 

പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് കോർപറേഷനിലെ മൂന്ന് വാർഡുകളും ഒളവണ്ണ പഞ്ചായത്തിലെ ഒരു വാർഡും കണ്ടൈൻമെൻ്റ സോണായി പ്രഖ്യാപിച്ചു. കോർപറേഷൻ പരിധിയിലെ ഓരോ  കണ്ടെയ്ൻമെന്റ് ഡിവിഷനിൽ നിന്നും നാളെ 300 വീതം സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാനാണ് അധികൃതരുടെ തീരുമാനം. ഇനിയൊരറിയിപ്പ് ഉണ്ടാവും വരെ കോഴിക്കോട് രാഷ്ട്രീയ, സാoസ്കാരിക യോഗങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ല.

ജൂൺ 27-ന് ഉച്ചയ്ക്ക് വീട്ടിൽ വച്ചു തൂങ്ങിമരിച്ച വെള്ളയിൽ കുന്നുമ്മൽ സ്വദേശി കൃഷ്ണൻ്റെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോളിൻ്റെ ഭാ​ഗമായി പരിശോധിച്ചപ്പോൾ ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ആദ്യഫലം പൊസിറ്റീവായതിന് പിന്നാലെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്ത വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ സിഐ അടക്കമുള്ള ഏഴ് ഉദ്യോ​ഗസ്ഥ‍ർ ക്വാറൻ്റൈനിൽ പ്രവേശിച്ചിരുന്നു. ഇയാളുടെ രണ്ടാമെത്തെ കൊവിഡ് പരിശോധനവും ഇന്ന് പൊസിറ്റീവായി വന്ന സാഹചര്യത്തിൽ കോഴിക്കോട് കോ‍ർപറേഷൻ പരിധിയിലെ മൂന്ന് വാ‍ർഡുകൾ ഉടനെ കണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിക്കും. 

കോഴിക്കോട് ന​ഗരത്തിലെ പിടി ഉഷ റോഡിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്ന കൃഷ്ണന് ഇവിടെ നിന്നാവാം കൊവിഡ് ബാധയുണ്ടായത് എന്നാണ് പ്രാഥമിക നി​ഗമനം. ചെന്നൈ അടക്കമുള്ള വിദൂര ദേശങ്ങളിൽ നിന്നെത്തിയ പലരും ഫ്ളാറ്റിൽ ക്വാറൻ്റൈനിലിരുന്ന സാഹചര്യത്തിലാണ് ആരോ​ഗ്യവകുപ്പ് അധികൃത‍ർ ഈ നി​ഗമനത്തിലെത്തിയത്. 

ഫ്ളാറ്റിളെ 37 സാംപിൾ ഇന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇയാളുടെ അടുത്ത ബന്ധുക്കളുടേയും അയൽവാസികളുടേയും സാംപിളുകളും ഉടനെ പരിശോധനയ്ക്ക് അയക്കും. ഇയാൾ മരിച്ച ദിവസം നൂറിലേറെ പേ‍രാണ് വീട്ടിലെത്തിയത്. ഈ ആളുകളെല്ലാം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോ​ഗ്യവകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്. 

ജില്ലയിൽ ഇന്ന് ആകെ നാല് പേ‍ർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കുവൈത്തിൽ നിന്നും വന്ന ഫറോക്ക് സ്വദേശി, ഖത്തറിൽ നിന്നും വന്ന ഏറാമല സ്വദേശി, സൗദിയിൽ നിന്നും വന്ന രാമനാട്ടുകര സ്വദേശിനി, കല്ലായി സ്വദേശിനിയായ ​ഗ‍ർഭിണി എന്നിവ‍ർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ സഹയാത്രികന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുട‍ർന്ന് പരിശോധന നടത്തിയപ്പോൾ ആണ് ഏറാമല സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചത്. എന്നാൽ കല്ലായിലെ ​ഗ‍ർഭിണിയായ യുവതിക്ക് വൈറസ് ബാധയുണ്ടായത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. 
 
30 വയസുള്ള ഈ യുവതി ജൂണ്‍ 23-ന് ഗര്‍ഭകാല  പരിശോധനക്കായി സ്വകാര്യ ആശുപത്രിയില്‍ പോകുകയും അവിടെ നിന്നുള്ള നിര്‍ദ്ദേശപ്രകാരം കോവിഡ് പരിശോധനക്കായി ജൂണ്‍ 24ന് മെഡിക്കല്‍ കോളേജിന് സമീപമുളള ഡി.ഡി.ആര്‍.സിയില്‍ സ്രവം പരിശോധനക്ക് നല്‍കുകയും ചെയ്തു. ജൂണ്‍ 25 ന് സ്വന്തം വീട്ടില്‍ നിന്നും പന്നിയങ്കരയിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തി.  

തുടര്‍ന്ന് പരിശോധനാഫലം കാണിക്കുന്നതിനായി അന്നുതന്നെ സ്വന്തം കാറില്‍  ഉച്ചക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ എത്തുകയും അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ എത്തി വീണ്ടും  സ്രവം പരിശോധനക്കായി എടുത്തു. ജൂണ്‍ 26 ന് പ്രസവിച്ചു. പ്രസവത്തിനു ശേഷം വീണ്ടും  സ്രവപരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവ‍ർ അവിടെ തന്നെ ചികിത്സയിലാണ്. ഇവരുടെ ബന്ധുക്കളുടേയും കുഞ്ഞിൻ്റേയും സ്രവപരിശോധന ഫലം നാളെ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.