കോട്ടയം: ഗ്രീന്‍ സോണിലായിരുന്ന ഇടുക്കി കോട്ടയം ജില്ലകളില്‍ അപ്രതീക്ഷിതമായി കൊവിഡ് പൊസിറ്റീവ് കേസുകള്‍ കൂടിയതോടെ മേഖലയിലെങ്ങും അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. കോട്ടയം ജില്ലയിലുണ്ടായിരുന്ന ലോക്ക് ഡൗണ്‍ ഇളവുകളും ഇന്നു മുതല്‍ പൂര്‍ണ്ണമായും പിന്‍വലിച്ചു. മന്ത്രി പി തിലോത്തമന്‍റെ നേതൃത്വത്തില്‍ അടിയന്തര അവലോകന യോഗം ഇന്ന് കോട്ടയത്ത് നടക്കും.

ഇടുക്കിയിലും കോട്ടയത്തുമായി 21 പേര്‍ക്കാണ് കഴിഞ്ഞ 4 ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം 11 ആയി ഉയര്‍ന്നതോടെ കോട്ടയം ജില്ലയിലെ ലോക്ക് ഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ചു. 

ജില്ലയിലെ വിജയപുരം, മണര്‍കാട്, തലയോലപ്പറമ്പ്, വെള്ളൂര്‍. കിടങ്ങൂര്‍, അയ്മനം പഞ്ചായത്തുകളും കോട്ടയം നഗരസഭയിലെ 5 വാര്‍ഡുകളും ഹോട്ട് സ്പോട്ടുകളയി ജില്ലാ ഭരണ കൂടം പ്രഖ്യാപിച്ചു. ഇന്നു രാവിലെ കോട്ടയത്ത് മന്ത്രി തല അവലോകന യോഗം വിളിച്ചിട്ടുണ്ട്. കോട്ടയത്ത് മാര്‍ക്കറ്റിലെ തൊഴിലാളികളടക്കം കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്നു ലഭിച്ചേക്കും. 

ഹൈറേഞ്ചില്‍ ഏലപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പോസിറ്റീവ് ആയതോടെ ഇവിടുത്തെ ജീവനക്കാരെയും കഴിഞ്ഞ ദിവസം ചികിത്സക്ക് എത്തിയവരേയും നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച രോഗി ഏപ്രില്‍15 ന് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡോക്ടറുടെ പരിശോധന നടത്തിയത്. പരിശോധന ഫലം വരുന്നതിനു മുമ്പ് ഡോക്ടറെ വീണ്ടും ഡ്യൂട്ടിക്ക് നിയോഗിച്ചത് വീഴ്ചയായെന്നാണ് വിലയിരുത്തല്‍. 

കേരള - തമിഴ് നാട് അതിര്‍ത്തി മേഖലയില്‍ രോഗം പടരാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ ജില്ലാ ഭരണ കൂടത്തിന് ലഭിച്ചതാണ്. ആ സാഹചര്യത്തില്‍ അതിര്‍ത്തി മേഖലയില്‍ അതീവ ജാഗ്രത തുടരുമ്പോഴാണ് ഏലപ്പാറ, വണ്ടിപ്പെരിയാര്‍ മേഖലകളില്‍ രോഗം സ്ഥിരീകരിക്കുന്നത്. 

തമിഴ്നാട്ടിലേക്ക് വനമേഖലയിലൂടെയുള്ള ഇടവഴികളും പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്. അതിര്‍ത്തി കടന്നെത്തുന്ന ലോറി ഡ്രൈവര്‍മാരേയും പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ വാഴക്കുളത്തു നിന്നും പൈനാപ്പിള്‍ എടുക്കാനെത്തിയ പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി അടുത്ത് ഇടപഴകിയ 30 പേരുടെ പട്ടിക തയ്യാറായിട്ടുണ്ട്. ഇവരും വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇവിടുത്തെ പരിശോധന ഫലങ്ങളും ലഭിക്കാനുണ്ട്.