കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാത്രി കാലങ്ങളിൽ സ്ത്രീകളോട് പുറത്ത് ഇറങ്ങി നടക്കാനാണ് സർക്കാർ പറയുന്നത്. എന്നാല്‍, കൃത്യമായ ലൈറ്റ് പോലും ഇല്ലാത്ത റോഡിലേക്കാണോ സർക്കാർ സ്ത്രീകളോട് രാത്രി ഇറങ്ങി നടക്കാൻ പറയുന്നതെന്ന് കോടതി ചോദിച്ചു.

കേരളത്തിൽ നല്ല റോഡ് ഇല്ലാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് കോടതി വിമര്‍ശിച്ചു. നല്ല റോഡ് ഉണ്ടാകുക എന്നത് ഭരണഘടനാ അവകാശമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എല്ലാ വർഷവും റോഡ് നന്നാക്കുക എന്നത് ശീലമാക്കുന്നു. അങ്ങനെ റോഡ് നന്നാക്കുന്നതിനിടെ ഗുണം പലർക്കും കിട്ടുന്നു. റോഡപകടത്തിൽ മരിക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചു. റോഡുകളുടെ മോശം അവസ്ഥയ്ക്ക് ഉദ്യോഗസ്ഥരെ ഉത്തരവാദികൾ ആക്കുന്നതിൽ സർക്കാരുമായി ചർച്ച നടത്താമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസെടുക്കാൻ ഉത്തരവിട്ടത്. നഗരത്തിലെ ആറ് പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ പ്രത്യേകം എടുത്ത് പറഞ്ഞാണ് ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ ഇടപ്പെട്ടത്. കലൂർ കടവന്ത്ര റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില കുണ്ടന്നൂർ റോഡ് എന്നിവയാണ് കോടതി പരാമർശിച്ച പ്രധാന റോഡുകൾ.