കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ അന്വേഷണം പരിതാപകരമാണെന്ന് ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയും മുൻ എസ്ഐയുമായ സാബു സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പൊലീസ് അന്വേഷണത്തെ വിമർശിച്ചത്. 

സാമ്പത്തികത്തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ പാർ‍പ്പിച്ച ജയിൽ,ലോക്കപ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ എന്തുകൊണ്ട് പരിശോധിച്ചില്ല എന്ന് കോടതി ചോദിച്ചു. സിസിടിവി പരിശോധിക്കേണ്ടെന്നാണ് അന്വഷണ സംഘത്തിന് മുകളിൽ നിന്ന് കിട്ടിയ നിർദ്ദേശമെന്ന് മറുപടിയായി സർക്കാർ കോടതിയെ അറിയിച്ചു. ഈ ഉന്നതൻ ആരാണെന്ന് ചോദിച്ച കോടതി,  അത് ആരായാലും അന്വേഷണത്തിന്‍റെ എബിസിഡി അറിയാത്ത ആളാണെന്നും വിമർശിച്ചു. കേസിൽ ഇടുക്കി മജിസ്ട്രേറ്റിനോടും കോടതി വിശദീകരണം തേടി. രാജ്കുമാറിനെ പോലീസ് ഹാജരാക്കിയപ്പോൾ കസ്റ്റഡി മർദ്ദനത്തെക്കുറിച്ച് പരാതി നൽകിയോ എന്നും പരാതി നല്‍കിയിട്ടുണ്ടെങ്കിൽ അതിൽ എന്ത് നടപടി സ്വീകരിച്ചു എന്നുമാണ് മജിസ്ട്രേറ്റ് വിശദീകരണം നല്കേണ്ടത്. ഹർജി  ചൊവ്വാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. 

രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് ഇടുക്കി എസ്പി ഉള്‍പ്പടെയുള്ള മേൽ ഉദ്യോഗസ്ഥരുടെ അറിവോടെയായിരുന്നെന്നും കസ്റ്റഡിയിൽ നിന്ന് ജയിലിൽ എത്തിക്കുന്നത് വരെ രാജ്കുമാറിന് പരുക്കുണ്ടായിട്ടില്ലെന്നുമാണ് കേസിലെ ഒന്നാം പ്രതിയായ സാബു ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നത്. നിലവിൽ ദേവികുളം സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് സാബു. കേസില്‍ ആകെ ഏഴ് പേരാണ്  അറസ്റ്റിലായിരിക്കുന്നത്.