കൊച്ചി: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ എം ബി ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. പൊലീസിന്‍റെ ഭാഗത്തു നിന്നുള്ള വീഴ്ച അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വണ്ടിയുടെ സ്പീഡ് എത്ര ആയിരുന്നു എന്നുള്ള റിപ്പോർട്ട് എന്ന് കിട്ടും എന്ന് തിരക്കിയ കോടതി ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് വിധി പറയാന്‍ മാറ്റി.

അപകടമുണ്ടാക്കിയ വാഹനം പുതിയ മോഡൽ ആണ്, അതിൽ ചിലപ്പോൾ റിക്കാർഡർ കാണുമെന്ന്  വിലയിരുത്തിയ സ്റ്റേറ്റ് അറ്റോർണി വാഹനം പരിശോധിക്കണമെന്ന് കോടതിയില്‍ അറിയിച്ചു. കേസില്‍ തെളിവുകള്‍ ഇനിയും ലഭിക്കേണ്ടതുണ്ടെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ വ്യക്തമാക്കി.

അതേസമയം മദ്യപിച്ചല്ല കാർ ഓടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ ഹൈക്കോടതിയിൽ പറഞ്ഞു. രക്തപരിശോധനയിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താൻ ആയിട്ടില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യണ്ട സാഹചര്യം നിലനിൽക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. ജാമ്യം റദ്ദാക്കുന്നത് അത്യപൂർവ സാഹചര്യം ഉള്ളപ്പോൾ മാത്രമാണെന്ന് ശ്രീറാം ഹൈക്കോടതിയില്‍ പറഞ്ഞു.