മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന്‍റെ ഭാര്യാപിതാവിന്‍റെ പേരിലുള്ള തടയണ പൊളിക്കണമെന്ന് ഹൈക്കോടതി. തടയണയിലെ വെള്ളം തുറന്നുവിട്ടത് കൊണ്ട് മാത്രം കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. തടയണ പൂർ‍ണമായും പൊളിക്കണമെന്നും കോടതി വിശദമാക്കി. 

ഈ മാസം മുപ്പതിനകം ഉത്തരവ് നടപ്പിലാക്കണമെന്ന് സ്റ്റേറ്റ് അറ്റോർ‌ണിക്ക് ഹൈക്കോടതി നിർദേശം നൽകി. മുപ്പതിന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി. കഴിഞ്ഞ വർഷമുണ്ടായ പ്രളയം മറന്നോ എന്നും കോടതി ചോദിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിട്ട് തുടങ്ങിയത്. പി വി അൻവറിന്‍റെ വാട്ടർ തീം പാർക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്ക് വെള്ളം  എത്തിച്ചിരുന്നത് ഈ തടയണയിൽ നിന്നായിരുന്നു.  പി വി അൻവറിന്‍റെ വാട്ടർ തീം അമ്യൂസ്മെന്‍റ്  പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്താണെന്ന് കളക്ടർ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. പരിസ്ഥിതി ദുർബല പ്രദേശത്ത് പാറയുടെ മുകളിൽ വെള്ളം കെട്ടി നിർമ്മിച്ച പാർക്ക് അപകടമുയർത്തുന്നുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു.  

പാർക്ക് സ്ഥിതിചെയ്യുന്ന കക്കാടം പൊയ്യിൽ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോൺ ഒന്നിൽ ഉൾപ്പെടുന്ന പ്രദേശമാണ്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള ഇവിടെ തടയണ കെട്ടി നിർത്തിയിരുന്നത്.  പാർക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.