Asianet News MalayalamAsianet News Malayalam

ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാന്‍റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

രാജി കൊണ്ട് പ്രശ്നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎൽഎയെ സ്ഥാനത്ത് നിന്ന് അയോഗ്യൻ ആക്കാനുള്ള ഇടപെടൽ വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 

high court dismissed petition seek disqualification of Saji Cheriyan
Author
First Published Dec 8, 2022, 10:30 AM IST

കൊച്ചി: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മലപ്പുറം സ്വദേശി ബിജു പി ചെറുമകൻ, ബിഎസ്പി സംസ്ഥാന പ്രസിഡന്‍റ് വയലാർ രാജീവൻ എന്നിവരാണ് ഹർജിക്കാർ. രാജി കൊണ്ട് പ്രശ്നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎൽഎയെ സ്ഥാനത്ത് നിന്ന് അയോഗ്യൻ ആക്കാനുള്ള ഇടപെടൽ വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 

അതേസമയം, മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ സജി ചെറിയാനെതിരെ പൊലീസ് നടത്തിയ അന്വേഷണം അവസാനിപ്പിക്കുകയാണ്. തെളിവില്ലെന്ന് കാട്ടി പൊലീസ് കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും. സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ നൽകിയ ഹർജിയെ തുടർന്നാണ് കേസെടുക്കാൻ കീഴ്വായ്പൂർ പൊലീസിന് തിരുവല്ല കോടതി നിർദേശം നൽകിയത്. ആറ് മാസത്തെ അന്വേഷണത്തിനിടയിൽ പൊലീസ് സജി ചെറിയാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ പൊലീസിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരൻ.

Also Read: ഭരണഘടനക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ:'ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന'

വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൻ്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. ഈ വര്‍ഷം ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ വച്ച് സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചത്. സിപിഎം എരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗമായിരുന്നു പരിപാടി. ആര്‍ക്കും ചൂഷണം ചെയ്യാൻ സാധിക്കാത്ത തരത്തിലാണ് ഇന്ത്യൻ ഭരണഘടനയെന്നായിരുന്നു അന്ന് സജി ചെറിയാൻ പറഞ്ഞു. ഭരണഘടനയിലെ മൗലികാവകാശങ്ങൾ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയിലുണ്ടായിരുന്നുവെന്നും മറ്റുമായിരുന്നു സജി ചെറിയാൻ്റെ പരാമ‍ര്‍ശങ്ങൾ. തിരുവല്ല, റാന്നി എംഎൽഎമാരടങ്ങിയ വേദിയിൽ വച്ചായിരുന്നു മന്ത്രിയുടെ ഈ വിവാദ പരാമ‍ര്‍ശം. ഈ പരിപാടി തത്സമയം ഫേസ്ബുക്ക് ലൈവിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios