വയനാട് ഉരുൾപൊട്ടലില്‍ ഇടപെടലുമായി ഹൈക്കോടതി; സ്വമേധയ കേസെടുക്കാൻ നിർദേശം
കേസ് നാളെ രാവിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ പരിഗണന വിഷയങ്ങളിലുണ്ട്.
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി ഇടപെടൽ. വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ രജിസ്ട്രിക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. അനധികൃത ഖനനം, പ്രളയമടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ നിയമപരമായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണമെന്നും കോടതി വ്യക്തമാക്കി. മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്‍റെയും അടിസ്ഥാനത്തിലാണ് വയനാട് ഉരുൾപൊട്ടലിൽ സ്വമേധയാ കേസെടുക്കുന്നത്. കേസ് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി എം ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് നാളെ രാവിലെ കേസ് പരിഗണിക്കും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടും.
അതിനിടെ, വയനാട് ദുരന്തത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യഹർജിയെത്തി. സർക്കാരിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെയുള്ള പണസമാഹരണം തടയണമെന്നാവശ്യപ്പെട്ട് കാസർകോട് സ്വദേശിയും ചലച്ചിത്ര നടനുമായ അഡ്വ. സി ഷുക്കൂറാണ് ഹർജി നൽകിയത്. നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് ശരിയായ വിധത്തിൽ വിനിയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സംവിധാനമില്ലെന്നാണ് ഹർജിയിലെ പ്രധാന ആക്ഷേപം. ഈ സാഹചര്യത്തിൽ സർക്കാർ തലത്തിൽ മോണിട്ടറിങ് സംവിധാനം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.