കൊച്ചി: സി-ഡിറ്റിലെ ബന്ധു നിയമന വിവാദത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. സിപിഎം നേതാവ് ടി എൻ സീമയുടെ ഭർത്താവ് ജി ജയരാജനെ സി-ഡിറ്റ് ഡയറക്ടറാക്കി നിയമിച്ച സംഭവത്തിൽ കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. സി-ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ എം ആർ മോഹനചന്ദ്രൻ നൽകിയ ഹർജിയിലാണ് നടപടി. 

ഇടത് സർക്കാർ അധികാരത്തിലേറ്റത് മുതൽ തുടരുന്ന ബന്ധു നിയമന വിവാദങ്ങൾ വീണ്ടും കോടതി കയറുകയാണ്. സിപിഎം സംസ്ഥാന സമിതി അംഗവും മുൻ എംപിയുമായ ടി എൻ സിമയുടെ ഭർത്താവ് ജി ജയരാജിനെ സി ഡിറ്റിലെ ഡയറക്ടറാക്കിയതാണ് പുതിയ വിവാദം. നിയമനം സി-ഡിറ്റ് നിയമാവലി അനുസരിച്ചുള്ള യോഗ്യതയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹർജി. 

സിഡിറ്റ് ഇ ഗേവേർണൻസ് ഡെപ്യൂട്ടി ഡയറക്ടർ എം ആർ മോഹനചന്ദ്രനാണ്. സി-ഡിറ്റ് നിയമാവലി അനുസരിച്ച് ഭരണസമതി നിർദ്ദേശിക്കുന്ന പാനലിലെ അംഗത്തെ മാത്രമെ ഡയറക്ടർ ആക്കാൻ പാടുള്ളൂവെന്ന വ്യവസ്ഥ സർക്കാർ അട്ടിമറിച്ചെന്നും നിയമനം യോഗ്യതയില്ലാത്താതണെന്നും ഹ‍ർജിക്കാരൻ ഹൈക്കോടതിയെ അറിയിച്ചു. ഈ ഹർജി പരിഗണിച്ചാണ് കോടതി നിയമന വിവാദത്തിൽ സർക്കാറിനോട് വിശദീകരണം തേടിയത്. 2016ൽ ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് ആദ്യമായി ജി ജയരാജിനെ രജിസ്ട്രാ‌ർ ആക്കി നിയമിച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് സർവ്വീസിൽ നിന്ന് വിരമിച്ച ജയരാജിനെ പുനർ നിയമന വ്യവസ്ഥ പ്രകാരം സർക്കാർ ഒരു വർഷത്തേക്ക് ഡയറക്ടർ ആക്കുകയായിരുന്നു. ഭരണ പക്ഷ ജീവനക്കാരുടെ സംഘടനയടക്കം ഉയർത്തിയ എതിർപ്പ് മറികടന്നായിരുന്നു ജയരാജിന്റെ നിയമനം.

Read More: സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി വീണ്ടും നിയമന വിവാദം; സി ഡിറ്റ് ഡയറക്ടര്‍ക്കെതിരെ പരാതി