കൊച്ചി: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരും യൂണിടാക് ഉടമയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിദേശ സഹായം സ്വീകരിച്ചത് കേന്ദ്ര ചട്ടങ്ങൾ ലംഘിച്ചെന്നായിരുന്നു സിബിഐയുടെ കഴി‍ഞ്ഞ ദിവസത്തെ നിലപാട്. അങ്ങനെയെങ്കിൽ സംസ്ഥാന സർക്കാ‍ർ എങ്ങനെയാണ് എഫ് സി ആ‍‍ർ എ നിയമം ലംഘിച്ചതെന്ന് വ്യക്തമാക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിനെ സ്വർണക്കളളക്കടത്തുകേസിൽ സ്വപ്ന സുരേഷ് അടക്കമുളള ചില പ്രതികളുടെ റിമാൻ‍ഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാൻഡ് നീട്ടുന്നതിനായി ഓൺ ലൈൻ മുഖാന്തിരം പ്രതികളെ ഹാജരാക്കും.

അതേസമയം ലൈഫ് മിഷൻ യുഎഇ റെഡ് ക്രസന്‍റ് കരാറുമായി ബന്ധപ്പെട്ട വിവാദ രേഖകൾ സിബിഐക്ക് കൈമാറേണ്ടെന്ന് സംസ്ഥാന വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ രേഖകൾ ഇനി കോടതി നിർദ്ദേശം ഇല്ലാതെ നൽകേണ്ട എന്നാണ് തീരുമാനം. ലൈഫ് മിഷൻ കോഴ തട്ടിപ്പ് കേസിൽ  സിബിഐ അന്വേഷണത്തിന് തൊട്ട് മുമ്പ് നാടകീയമായാണ്  സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. സിബിഐ എത്തുന്നതിന് മുമ്പ് തന്നെ ലൈഫ് മിഷൻ ആസ്ഥാനത്ത് എത്തി വിജിലൻസ് സംഘം കരാറുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈവശപ്പെടുത്തുകയും ചെയ്തിരുന്നു.  

ലൈഫ് മിഷൻ തട്ടിപ്പ്: സിബിഐക്ക് രേഖകൾ നൽകേണ്ടെന്ന് വിജിലൻസ്, സ്വപ്നയെ ചോദ്യം ചെയ്യും