കൊച്ചി: ഡാം സുരക്ഷ സംബന്ധിച്ച് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. 2018 ൽ  സ്വമേധയാ എടുത്ത ഹർജിയിലാണ് ഹൈക്കോടതി നടപടി. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാൽ എടുക്കേണ്ട മുൻകരുതലിൽ റിപ്പോർട്ട് നൽകാനും ഹോക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം വിശദീകരണം നൽകണം.

2018 ല്‍ ജസ്റ്റിസ് രാമചന്ദ്രന്റെ കത്തില്‍ ഹൈക്കോടതി സ്വയം ഫയല്‍ ചെയ്ത ഹര്‍ജിയാണ് ഇന്ന് പരിഗണിച്ചത്. ഡാമുകളിലെ വെള്ളത്തിന്റെ അളവ് എത്രയാണ്, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാമാണ് എന്നിവയെ പറ്റി റിപ്പോർട്ട് നൽകണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. അടുത്ത ആഴ്ച റിപ്പോർട്ട് നൽകണമെന്നാണ് ചീഫ് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.