അഭിഭാഷകനോട് രേഖാമൂലം മറുപടി നൽകാനാവശ്യപ്പെട്ട കോടതി, മറുപടി തൃപ്തികരമല്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് വാക്കാൽ പരാമർശിച്ചു.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ യാത്രയെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെടുള്ള ഹർജിയിൽ ഹർജിക്കാരനും അഭിഭാഷകനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പൊതു ആവശ്യത്തിനല്ലാതെ വിദേശ യാത്ര നടത്തിയ മുഖ്യമന്ത്രി ഖജനാവിൽ നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയിലാണ് കോടതി, ഹർജിക്കാരന്‍റെ അഭിഭാഷകനെതിരെ തിരിഞ്ഞത്. പ്രശസ്തിക്കും വ്യക്തി വൈരാഗ്യം നടപ്പാക്കാനും കോടതിയെ കരുവാക്കരുതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
പൊതു ആവശ്യത്തിനല്ലാതെ അമേരിക്കയിലും യുഎഇയിലുമായി വിദേശ യാത്ര നടത്തിയ മുഖ്യമന്ത്രി ഖജനാവിൽ നിന്ന് പണം കൈപ്പറ്റിയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. എന്നാൽ കേസ് രേഖകൾ പരിശോധിച്ച കോടതി, മുഖ്യമന്ത്രി പണം കൈപ്പറ്റിയതടക്കമുള്ള വിവരാവകാശ രേഖകൾ സമാഹരിച്ചത് പരാതിക്കാരനല്ലെന്നും അഭിഭാഷകനാണെന്നും കണ്ടെത്തി. അഭിഭാഷകന് ഇക്കാര്യത്തിൽ എന്താണ് പ്രത്യേക താൽപ്പര്യം എന്ന് ആരാഞ്ഞ കോടതി പ്രശസ്തിക്കും വ്യക്തിവൈരാഗ്യം തീര്‍ക്കാനും കോടതിയെ ഉപയോഗിക്കരുതെന്ന് താക്കീത് നൽകി.
ഇക്കാര്യത്തിൽ അഭിഭാഷകനായ എം പി ഹരിപ്രസാദിനോട് രേഖാമൂലം മറുപടി നല്‍കാന്‍ ജസ്റ്റിസ് പി ഉബൈദ് നിർദേശിച്ചു. മറുപടി തൃപ്തികരം അല്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കോടതി വാക്കാൽ പരാമർശിച്ചു. മാർത്താണ്ഡം സ്വദേശി ഡി ഫ്രാൻസിസ് ആണ് ഹർജിക്കാരൻ. കേസ് ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.
