Asianet News MalayalamAsianet News Malayalam

ചെറുവള്ളി എസ്‍റ്റേറ്റ് ഏറ്റെടുക്കല്‍; ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി

അയ്ന ചാരിറ്റബിള്‍ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളാണെന്നും ട്രസ്റ്റ് കോടതിയില്‍ 

high court order do not forcefully posses Cheruvally estate
Author
Kochi, First Published Jun 23, 2020, 2:39 PM IST

കൊച്ചി: ശബരിമല വിമാനത്താവളം നിർമ്മിക്കാനായി ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി. നിയമാനുസൃതമായ നടപടി മാത്രമേ പാടുള്ളുവെന്നാണ് നിര്‍ദ്ദേശം. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് നടപടിയാകാം. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അയ്ന ചാരിറ്റബിള്‍ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളാണെന്നും ട്രസ്റ്റ് കോടതിയില്‍ അറിയിച്ചു. 

അതേസമയം ശബരിമല വിമാനത്താവളം നിർമ്മിക്കാനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തോടുള്ള എതിർപ്പ് ബിലിവേഴ്സ് ചർച്ച് ആവർത്തിച്ചു. ചെറുവള്ളി എസ്റ്റേറ്റിൽ സഭയ്ക്കുള്ള അവകാശം അംഗീകരിക്കാതെ സർക്കാരുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും തങ്ങളില്ലെന്ന് ബിലിവേഴ്സ് ചർച്ച് വക്താവ് ഫാദർ സിജോ പന്തപ്പള്ളിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എന്നാല്‍ ബിലിവേഴ്സ് ചർച്ചിന്‍റെ എതിർപ്പ് അവഗണിച്ചും ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുകയാണ് സർക്കാർ. ഭൂമിയേറ്റെടുക്കാനുള്ള തുടർനടപടികൾക്കായി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി കോട്ടയം ജില്ലാ കളക്ടറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 

ഭൂമിയേറ്റെടുക്കാൻ വേണ്ട നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കോട്ടയം ജില്ലാ കളക്ടർ എം. അഞ്ജന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമപരമായ നടപടികളിലൂടെ തന്നെ ഭൂമിയേറ്റെടുക്കുമെന്നും സർക്കാർ തീരുമാനം അനുസരിച്ച് നഷ്ടപരിഹാരം കൊടുക്കുമെന്നും എം.അഞ്ജന പറഞ്ഞു. 

ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ നേരത്തെ കോൺ​ഗ്രസ് നേതാവ് വിഎം സുധീരൻ രം​ഗത്തു വന്നിരുന്നു. സ‍ർക്കാർ നടപടിക്കെതിരെ രാഷ്ട്രീയ നേതൃത്വം ശക്തമായി   രംഗത്ത് വരാത്തത്  ലജ്ജാകരമാണെന്ന് കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു.

നിയമ വിരുദ്ധമായി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് ഇല്ലാത്ത അവകാശം  സ്ഥപിച്ചുകൊടുക്കാനാണ് കോടതിയില്‍പണം കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കുന്നത്. കേരളം കണ്ട വലിയ രാഷ്ട്രിയ അഴിമതിയാണിത്.അടിയന്തര നിയമ നിര്‍മ്മാണത്തിലൂടെ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുധീരൻ പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios