കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലും ചട്ടങ്ങള്‍ കാറ്റിൽ പറത്തി സമരങ്ങള്‍ നടക്കുന്നതിൽ ഇടപെട്ട് കേരളാ ഹൈക്കോടതി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സമരവും പ്രതിഷേധവും പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ പാർട്ടികൾ ഇത് പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജൂലൈ രണ്ടിലെ സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് എത്ര സമരങ്ങൾക്ക് അനുമതി നൽകി എന്ന് അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സമരം നടത്തിയതിന് എത്ര കേസുകൾ രജിസ്റ്റർ ചെയ്‌തെന്നും അറിയിക്കണം. ഈ വിശദാംശങ്ങൾ നാളെ തന്നെ നൽകണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിർദേശിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.

'കൊവിഡ് കാലത്ത് സമരം നിരോധിക്കണം, ചട്ടം ലംഘിക്കുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കണം', ഹൈക്കോടതിയിൽ

രാഷ്ട്രീയ പാർട്ടികൾ അടക്കം ആഹ്വാനം ചെയ്യുന്ന സമരങ്ങൾ കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ഹർജിക്കാര്‍ ആരോപിക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടത്തുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകള്‍ വന്നെങ്കിലും പലയിടങ്ങളും ഇന്നും കണ്ടെയിന്‍മെന്‍റ് സോണുകളാണ്. രോഗവ്യാപനം വലിയ തോതിൽ ഉയരുന്നു. ഈ രീതിയിൽ രോഗവ്യാപനമുണ്ടായാൽ സാമൂഹിക വ്യാപനത്തിലേക്ക് സംസ്ഥാനമെത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ചട്ടങ്ങൾ ലംഘിച്ചുള്ള സമരം കൊവിഡിന്‍റെ സാമൂഹിക വ്യാപനത്തിലേക്ക് നയിക്കുമെന്ന് ഹർജിക്കാർ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് വലിയ രീതിയിൽ സമരങ്ങളുണ്ടായി. സാമൂഹിക അകലം പാലിക്കാതെ മാസ്ക്ക് ധരിക്കാതെയും തെരുവിലിറങ്ങിയ പ്രവര്‍ത്തകരെ നിയന്ത്രിക്കാൻ പലയിടത്തും പൊലീസിനും സാധിച്ചിരുന്നില്ല. ഇത്തരത്തിലുള്ള സമരങ്ങള്‍ ഇനിയുമുണ്ടാകുന്നത് കൊവിഡ‍് വ്യാപനമുണ്ടാക്കാനിടയാക്കുമെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു.