പൊതുജനങ്ങൾക്കും പോസ്റ്ററുകളിലും “അഞ്ജലി നായർ” എന്ന പേരിലാണ് പരിചിതയെന്നും ഇവിഎമ്മിൽ മറ്റൊരു പേരെന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
കൊച്ചി: ഇവിഎമ്മിലെ നിലവിലെ പേര് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ നൽകിയ ഹർജിയിൽ അനുകൂല നിലപാടെടുത്ത് ഹൈക്കോടതി. കമ്മീഷൻ പ്രസിദ്ധീകരിച്ച മത്സരാർത്ഥികളുടെ പട്ടികയിലും ഇവിഎമ്മിലും ‘അഞ്ജലി പി.വി’ എന്ന പേരിന് പകരം അഞ്ജലി നായർ എന്ന പേര് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. പൊതുജനങ്ങൾക്കും പോസ്റ്ററുകളിലും ‘അഞ്ജലി നായർ’ എന്ന പേരിലാണ് പരിചിതയെന്നും ഇവിഎമ്മിൽ മറ്റൊരു പേരെന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
ഇന്നലെയാണ് ഹർജി നൽകിയത്. അതിൽ പ്രധാനമായും അഞ്ജലി പറഞ്ഞത് താൻ ഇത്രയും നാൾ മാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നതും സിനിമയിൽ അഭിനയിച്ചതും അഞ്ജലി നായർ എന്ന പേരിലാണ്. അഞ്ജലി പി വി എന്നത് രേഖയിലുള്ള പേരാണ്. ശനിയാഴ്ച വരണാധികാരി നേരിട്ട് സിറ്റിംഗ് നടത്തി സ്ഥാനാർത്ഥിയുടെ ഈ ആവശ്യം പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
അപരന്മാരെ രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊലചെയ്യുന്ന നടപടി എന്നും അഞ്ജലിയുടെ ഹർജി പരിഗണിക്കവേ ഹൈക്കോടതി പരാമർശിച്ചു. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്ന അപരന്മാരുടെ സ്ഥാനാര്‍ത്ഥിത്വം തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുമെന്ന് കോടതി നിരീക്ഷിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത് ചെയ്യുന്നുണ്ട്.ഇത്തരം പ്രവണതകൾ തടയണമെന്നും ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് നഷ്ടപ്പെടരുതെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

