കൊച്ചി: കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ നൽകിയ റിവിഷൻ ഹര്‍ജി ഹൈക്കോടതി തള്ളി. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസിൽ വിചാരണ കൂടാതെ വെറുതെ വിടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നൽകിയത് .

സമാന ആവശ്യമുന്നയിച്ച് നൽകിയ ഹര്‍ജി മാർച്ച് 16 ന് കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് പുനപരിശോധന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സാക്ഷിമൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും കേസിൽ നടപടി തുടരാനുള്ള വസ്തുതകളില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. പ്രഥമദൃഷ്ട്യാ പീഡന കേസ് നിലനിൽക്കുന്നുണ്ടെന്നും നടപടികൾ വൈകിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നുമായിരുന്നു പ്രോസിക്യുഷൻ വാദം.

അതേസമയം, കത്തോലിക്കാ സഭാ നേതൃത്വത്തിനെതിരെ സിസ്റ്റർ ലൂസി കളപ്പുര വീണ്ടും രംഗത്തെത്തി. വൈദിക വേഷം ധരിച്ച കൊടുംക്രിമിനലുകളെ സഭാനേതൃത്വം സംരക്ഷിക്കുന്നുവെന്ന് സിസ്റ്റർ ലൂസി ആരോപിച്ചു. കുറ്റവാളികളോട് സഭ കാരുണ്യം കാണിക്കുന്നു.തെറ്റുകൾ ചൂണ്ടികാണിക്കുന്നവരെ ഇല്ലാതാക്കുന്നു. പരാതികൾ പൊലീസ് അന്വേഷിക്കുന്നില്ലെന്നും അന്വേഷണം നടത്താൻ കോടതിയുടെ മേൽനോട്ടം ആവശ്യപെട്ട് ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിക്കുമെന്നും ലൂസി കളപ്പുര പറഞ്ഞു.