Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ വിദേശയാത്ര; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

യാത്രകൾ സംബന്ധിച്ചുള്ള സർക്കാർ വിശദീകരണം തൃപ്തികരമാണെന്ന് ഹർജിക്കാരൻ നേരിട്ട് ഹാജരായി അറിയിച്ചതിന് പിന്നാലെയാണ് ഹർജി തള്ളിയത്. 

high court reject petition on pinarayi vijayan's foreign tour
Author
Kochi, First Published Aug 8, 2019, 1:12 PM IST

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകളെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. യാത്രകൾ സംബന്ധിച്ചുള്ള സർക്കാർ വിശദീകരണം തൃപ്തികരമാണെന്ന് ഹർജിക്കാരൻ നേരിട്ട് ഹാജരായി അറിയിച്ചതിന് പിന്നാലെയാണ് നടപടി. വിവരാകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ വ്യക്തത ഉണ്ടായിട്ടും അന്വേഷണം ആവശ്യപ്പെട്ട ഹർജിക്കാരന്റെ നടപടി സംശയാസ്പദമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

പൊതു ആവശ്യത്തിനല്ലാതെ അമേരിക്കയിലും യുഎഇയിലുമായി വിദേശ യാത്ര നടത്തിയ മുഖ്യമന്ത്രി ഖജനാവിൽ നിന്ന് പണം കൈപ്പറ്റിയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍, മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകൾ നിയമാനുസൃതമാണെന്ന് സർക്കാർ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസും അറിയിച്ചിരുന്നു. മുൻകൂർ അനുമതിയില്ലാത്തതിനാൽ പരാതിയിൽ തുടർനടപടി സാധ്യമല്ലെന്നാണ് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചത്.

ഹർജിക്കൊപ്പമുള്ള രേഖകൾ വിവരാവകാശനിയമപ്രകാരം നേടിയത് ഹർജിക്കാരന്റെ അഭിഭാഷകനാണെന്ന് കോടതി നേരത്തേ വിലയിരുത്തിയിരുന്നു. മാർത്താണ്ഡം സ്വദേശി ഡി ഫ്രാൻസിസ് ആണ് ഹർജി നൽകിയത്. 

Follow Us:
Download App:
  • android
  • ios