കൊച്ചി: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ന്യായീകരിക്കാൻ ആകില്ലെന്ന് ഹൈക്കോടതി. തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച പറ്റി എന്ന് വ്യക്തമാണ്. പൊലീസിന്‍റെ പ്രഥമ പരിഗണന അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുക എന്നതാണെന്നും അതിനു ശേഷമാണ് തെളിവുകൾ ശേഖരിക്കുന്നതെന്നും സറ്റേറ്റ് അറ്റോർണി മറുപടി നൽകി. ശ്രീറാമിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിൽ വിധി പറയുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

അതേസമയം ശ്രീറാം മദ്യപിച്ചിരുന്നില്ലെന്നും അങ്ങനെയുണ്ടെന്ന് പൊലീസ് തെളിയിക്കട്ടെയെന്നും ശ്രീറാം വെങ്കിട്ടരാമന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വ്യകത്മാക്കി. എന്നാല്‍ തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയെന്നായിരുന്നു ശ്രീറാം കോടതിയില്‍ പറഞ്ഞത്. തകര്‍ന്നത് കാറിന്‍റെ ഇടത് ഭാഗമാണ്, കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്കും ഇല്ല, ഇത് എങ്ങനെയെന്ന്‌ പോലീസ് പരിശോധിക്കണമെന്നും ശ്രീറാം കോടതിയില്‍ ആവശ്യപ്പെട്ടു. വണ്ടി ഓടിച്ചത് ശ്രീറാം അല്ല എന്നാണോ പറയുന്നതെന്ന്  ചോദിച്ച കോടതിയോട് അത് അന്വേഷണ സംഘം വ്യക്തമാക്കട്ടെ എന്നായിരുന്നു ശ്രീറാമിന്‍റെ പ്രതികരണം.

വാഹനം ഓടിച്ചത് താനാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണസംഘത്തോട് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു. അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷീന്‍ തറയിന്‍റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതികരണം. വാഹനത്തിനായി സുഹൃത്തായ വഫയെ വിളിച്ചുവരുത്തുകയായിരുന്നെന്ന് ശ്രീറാം പറഞ്ഞു.  അന്വേഷണ സംഘം ശ്രീറാമിന്‍റെ വിരലടയാളവും ശേഖരിച്ചു.