ഗണേഷ് കുമാറിന് തിരിച്ചടി; സോളാർ ഗൂഢാലോചന കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി, ഹർജി തള്ളി
കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.

കൊച്ചി: സോളർ ഗൂഢാലോചന കേസിൽ കെ ബി ഗണേഷ് കുമാറിന് തിരിച്ചടി. പരാതിക്കാരിയുടെ കത്ത് തിരുത്തിയെന്ന കേസിൽ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലെ തുടർ നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഉമ്മൻചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കാൻ കേസ് മുന്നോട്ട് പോകേണ്ടതുണ്ടെന്നും കീഴ്കോടതി നടപടികളിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഗണേഷ് കുമാറിനെതിരെ ഉയർന്നിട്ടുള്ളത് ഗുരുതര ആരോപണങ്ങളാണ്. കേസിൽ ഗണേഷ് കുമാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയാണ് നേരിട്ട് ഹാജരാകാൻ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചത്. കേസിലെ പരാതിക്കാരിയുമായി ചേർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. വിചാരണ ഘട്ടത്തിലാണ് മറ്റ് കാര്യങ്ങൾ പരിശോധിക്കണ്ടത്. ഗൂഢാലോചന ആരോപണമായി നിലനിൽക്കുന്നിടത്തോളം കാലം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ല. ഉമ്മൻചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കിൽ കേസ് മുന്നോട്ട് പോകണം. ഗണേഷ് നിരപരാധി എങ്കിൽ അതും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
സോളർ പീഡന കേസിൽ പരാതിക്കാരിയുടെ കത്തിൽ തിരുത്തൽ വരുത്താൻ ഗൂഢാലോചന നടത്തിയെന്നും, ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നാണ് കോൺഗ്രസ് നേതാവ് സുധീർ ജേക്കബ് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നത്. കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ഗണേഷിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. അതേസമയം, കേസിന്റെ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞാൽ വിടുതൽ ഹർജിയുമായി ഗണേശിന് കോടതിയെ സമീപിക്കാനാകുമെന്നും ആരോപണങ്ങൾ തെറ്റെന്ന് കണ്ടെത്തിയാൽ പരാതിക്കാരനെതിരെ നിയമനടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.