Asianet News MalayalamAsianet News Malayalam

സിറോ മലബാർ വ്യാജരേഖക്കേസ്: ഒത്തു തീർപ്പിന് സാധ്യത തേടി ഹൈക്കോടതി, ജ. കുര്യൻ ജോസഫ് വരുമോ?

വ്യാജരേഖ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ഫാ പോൾ തേലക്കാടും ബിഷപ്പ് ജേക്കബ് മാനത്തോടത്തും കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 

high court seeks mediation possibilities in forging fake documents case in syro malabar church
Author
Kochi, First Published May 29, 2019, 4:14 PM IST

കൊച്ചി: കർദിനാൾ മാർ ആലഞ്ചേരിക്ക് എതിരെ വ്യാജ രേഖ ചമച്ചു എന്ന കേസിൽ മധ്യസ്ഥ ശ്രമത്തിന് സാധ്യത തേടി ഹൈക്കോടതി. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കുര്യൻ ജോസഫിനെ മധ്യസ്ഥനായി ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വൈദികർ സമർപ്പിച്ച ഹർജി പരിഗണിച്ചോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്. 

വ്യാജരേഖ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ഫാ പോൾ തേലക്കാടും ബിഷപ്പ് ജേക്കബ് മാനത്തോടത്തും കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഈ അപേക്ഷ പരിഗണിക്കുമ്പോഴാണ് മധ്യസ്ഥ സാധ്യതകളെക്കുറിച്ച് ഹൈക്കോടതി ആരാഞ്ഞത്. മധ്യസഥനായി ജസ്റ്റിസ് കുര്യൻ ജോസഫിനെ നിയമിക്കുന്നതിനെ കുറിച്ച് ജൂൺ പത്തിന് മുമ്പ് നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. 

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന കേസുകൾ പിൻവലിക്കുമെന്ന് ഉറപ്പു കിട്ടിയാൽ അനുകൂല അഭിപ്രായം അറിയിച്ചാൽ മതിയെന്നാണ് കർദിനാൾ അനുകൂല വിഭാഗത്തിൻറെ ആലോചന. മധ്യസ്ഥ ശ്രമത്തിലൂടെ സഭാ ഭൂമി ഇടപാട് കേസും വ്യാജരേഖ കേസും ഒത്തു തീർപ്പാക്കാനുളള ശ്രമമാണ് ഇരുവിഭാഗവും ആലോചിക്കുന്നത്. ഇതിനിടെ വ്യാജ രേഖ കേസിൽ അറസ്റ്റിലായ ആദിത്യന് കോടതി ജാമ്യം അനുവദിച്ചു. എം ടെക് പരീക്ഷ എഴുതേണ്ടതിനാൽ ജാമ്യം അനുവദിക്കണം എന്നായിരുന്നു ആദിത്യൻറെ ആവശ്യം. തെളിവ് നശിപ്പിക്കുമെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഉള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 

മൊഴി എടുപ്പ് പൂർത്തിയാക്കി കമ്പ്യൂട്ടറും മൊബൈലും പിടിച്ചെടുത്ത സാഹചര്യത്തിൽ മറ്റെന്തു തെളിവാണ് ശേഖരിക്കാനുള്ളതെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിന് കൃത്യമായ മറുപടി നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ച കാര്യവും കോടതി സൂചിപ്പിച്ചു. കേസിലെ മറ്റു പ്രതികളുമായി ബന്ധപ്പെടരുത്, കൊരട്ടി, എറണാകുളം നോർത്ത് എന്നി പോലീസ് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കരുത്, വൈദികരെ ചോദ്യം ചെയ്യുമ്പോൾ പൊലീസ് അവശ്യപ്പെട്ടാൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം. 

കേസിൽ പ്രതി ചേർത്ത ഫാ പോൾ തേലക്കാട്, ഫാ ആൻറണി കല്ലൂക്കാരാൻ എന്നിവരോട് നാളെ മുതൽ എഴു ദിവസത്തേക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കോടതി ഉത്തരവിൽ നാളെ തന്നെ ഹാജരാകമെന്ന് നിർദ്ദേശിച്ചിട്ടില്ലെങ്കിൽ അഭിഭാഷകരുമായി ആലോചിച്ച ശേഷമായിരിക്കും ദിവസം തീരുമാനിക്കുക. പൊലീസ് നോട്ടീസ് നൽകിയാൽ നാളെത്തന്നെ ഹാജരാകുകയും ചെയ്യും. ഉത്തരവ് പരിശോധിച്ച ശേഷമായിരിക്കും നോട്ടീസ് അയക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനം എടുക്കുക.

Follow Us:
Download App:
  • android
  • ios