മാസപ്പടിക്കേസിൽ സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഹർജിക്കാരന്റെ നിയമപരമായ യോഗ്യത ചോദ്യം ചെയ്ത കോടതി, മാധ്യമ പിന്തുണ ഇവിടെ ബാധകമല്ലെന്നും വ്യക്തമാക്കി. ഷാജഹാന്റെ ഇടപെടൽ അന്വേഷണത്തെ തടസ്സപ്പെടുത്തിയെന്ന് സർക്കാരും കുറ്റപ്പെടുത്തി.

കൊച്ചി: മാസപ്പടിക്കേസിൽ സിം​ഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടി. സംസ്ഥാന സർക്കാർ പ്രാഥമിക അന്വേഷണം നടത്തവെ, ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ച ഹർജിക്കാരൻ ആരെന്ന് കോടതി ചോദിച്ചു. എന്താണ് ഈ കേസിൽ വ്യവഹാരത്തിനുള്ള നിയമപരമായ യോഗ്യതയെന്നും കെഎം ഷാജഹാന്റെ അഭിഭാഷകനോട് ഹൈക്കോടതി ആരാഞ്ഞു. മാധ്യമങ്ങള്‍ നിങ്ങളെ പിന്തുണച്ചേക്കാം. പക്ഷേ, അത് ഹൈക്കോടതിക്ക് ബാധകമല്ലെന്നും കോടതിയെ പഠിപ്പിക്കാൻ വരരുതെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. നിങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.

ആദ്യം പൊലീസിന് പരാതി നല്‍കണം. പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ ഉന്നത അധികാരിയെ സമീപിക്കണം. അതിന് ശേഷം സ്വകാര്യ അന്യായവുമായി മജിസ്‌ട്രേറ്റിനെ സമീപിക്കണം. മജിസ്‌ട്രേറ്റ് പരാതി പൊലീസിന് കൈമാറണം. ഇതാണ് രാജ്യത്തെ നിയമമെന്നും കേസെടുക്കാനുള്ള ക്രിമിനല്‍ നടപടിക്രമം അഴിമതിക്കേസില്‍ ബാധകമല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. കേസിൽ ഷാജഹാന്റെ ഇടപെടലിനെ സംസ്ഥാന സർക്കാറും കുറ്റപ്പെടുത്തി. ഹർജിക്കാരൻ സിംഗിൾ ബെഞ്ചിനെ സമീപിച്ചതാണ് സർക്കാറിന്റെ പ്രാഥമിക അന്വേഷണത്തെ തടസ്സപ്പെടുത്തിയതെന്ന് എജി വാദത്തിനിടെ പറഞ്ഞു.