കൊച്ചി: പൊലീസ് അതിക്രമങ്ങൾ കൂടി വരുന്നത് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി ഫയൽ ചെയ്ത പൊതുതാല്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് കംപ്ലെയ്‍ന്‍റ് അതോറിറ്റിയിലെ നിയമനങ്ങൾ സുപ്രീംകോടതി വിധി പ്രകാരമല്ലെന്നാണ് ഹർജിക്കാരന്‍റെ വാദം. 

പൊലീസ് കംപ്ലെയ്‍ന്‍റ് അതോറിറ്റിയുടെ പ്രവർത്തനം പല ജില്ലകളിലും കാര്യക്ഷമമല്ലെന്ന് സർക്കാർ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്തുകൊണ്ടാണ് നിയമനങ്ങൾ നടക്കാത്തതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. പൊലീസ് ആക്ടിലെ 110ആം വകുപ്പ് റദ്ദാക്കാൻ കോടതിക്ക് അധികാരം ഉണ്ടോ എന്നുള്ള കാര്യം പരിശോധിക്കാൻ ഹർജിക്കാരന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.