10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട്, പുനലൂർ അടക്കമുള്ള സ്റ്റേഷനുകളിൽ ജാഗ്രത വേണം. 55 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്ന പ്രചാരണം വ്യാജമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി വിശദീകരണം.

തിരുവനന്തപുരം: കടുത്ത വേനലിൽ ചുട്ടുപൊള്ളി കേരളം. 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. കടുത്ത ചൂട് തുടരുന്ന പാലക്കാട്, പുനലൂർ അടക്കമുള്ള സ്റ്റേഷനുകളിൽ ജാഗ്രത വേണം. അതേസമയം 55 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്ന പ്രചാരണം വ്യാജമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി വിശദീകരണം നൽകി.

ഫെബ്രുവരി പകുതിയോടെയാണ് കേരളത്തിൽ ചൂട് ആരംഭിച്ചത്. മാർച്ച്, ഏപ്രിൽ മാസം ആയതോടെ ചൂട് കഠിനമായി. അടുത്തൊന്നും ആശ്വാസം പ്രതീക്ഷിക്കേണ്ടെന്നാണ് വിലയിരുത്തലുകൾ. വെള്ളിയാഴ്ച പാലക്കാട് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 40.1 ഡിഗ്രി സെൽഷ്യസ് ചൂടാണ്. പുനലൂരിൽ 39.8 ഉം. ഇന്നലെ പാലക്കാട് 39.2 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട്, പുനലൂർ, കണ്ണൂർ, കോട്ടയം സ്റ്റേഷനുകളിലാണ് തുടർച്ചയായി ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. ഇടയ്ക്ക് കിട്ടുന്ന വേനൽമഴയും ആശാസമാകുന്നില്ല.

മാർച്ച് ഒന്ന് മുതൽ കണക്കാക്കുന്ന വേനൽ മഴ കിട്ടിയത് ഇതുവരെയുള്ള കണക്ക് പ്രകാരം 22 ശതമാനം കുറവാണ്. മിക്ക ജില്ലകളിലും മഴ കുറവ് ഉണ്ട്. അടുത്തൊന്നും തുടർച്ചയായി പെയ്യുന്ന മഴയ്ക്ക് സാധ്യതയില്ല. ഏറ്റവും തീക്ഷ്ണമായി സൂര്യരശ്മികൾ കേരളത്തിന് മുകളിൽ പതിക്കുന്ന സമയമാണിത്. അതിനെ തടഞ്ഞു നിർത്താൻ ഇപ്പോഴും മഴ മേഘങ്ങളുമില്ല. ഇതാണ് കൊടും ചൂടിന് കാരണം.

എന്നാൽ, കേരളത്തിൽ 45 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്ന തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം എന്നൊക്കെയാണ് പ്രചാരണം. നിലവിലെ അന്തരീക്ഷ സാഹചര്യത്തിൽ 45 ഡിഗ്രി സെൽഷ്യസ് വരെയൊന്നും താപനില ഉയരാൻ സാധ്യത ഇല്ല. കേരളത്തിൽ ഇതുവരെയും അത്ര ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുമില്ല. വ്യാജ പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming