കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നത്  സമ്പർക്കത്തിലൂടെയെന്ന് ജില്ലാ കൊവിഡ് കണ്‍ട്രോൾ സെൽ. ജില്ലയിൽ കൊവിഡ് ബാധിതരായവരില്‍ 87 ശതമാനം പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെയാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തൽ. സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ജില്ലയിൽ ആശങ്കയാവുകയാണ്.

ജില്ലയില്‍ ഇതുവരെ 37,323 പേർക്കാണ് കൊവിഡ് 19 രോഗബാധയുണ്ടായത്. നിലവിൽ 10836 പേർ വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നു. സര്‍ക്കാരും ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും നിരന്തരം നല്‍കുന്ന നിര്‍ദ്ദേശങ്ങളോട് മുഖം തിരിക്കുന്ന സമീപനമുണ്ടായതാണ് സമ്പർക്ക വ്യാപനം 87 ശതമാനമായി മാറാൻ കാരണമെന്ന്ആരോഗ്യ വകുപ്പ് അധികൃതർ വിലയിരുത്തുന്നു.

കഴിഞ്ഞയാഴ്ചവരെ 13.5 ആയിരുന്ന ജില്ലയിലെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് ഒരാഴ്ച കൊണ്ടാണ് 17.6 ശതമാനമായി കൂടിയത്. സംസ്ഥാന ശാരാശരിയിലും കൂടുതലാണിത്. 13.72 ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ജില്ലയിൽ രണ്ടാഴ്ചക്കിടെ കൊവിഡ് ബാധിച്ചവരില്‍ 98 ശതമാനം പേരും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.  

ചെറിയ രോഗലക്ഷണങ്ങളുള്ള കാറ്റഗറി ബി വിഭാഗത്തില്‍ ഒരു ദിവസം ശരാശരി 128 പേരാണ് നിരീക്ഷണത്തിലാകുന്നത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്‍പ്പെടെയുള്ളവര്‍ പോലും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ മടിക്കുന്നത് സന്പർക്ക വ്യാപനം കൂടുന്നതിനിടയാക്കുന്നു. ആറ് ശതമാനം രോഗികളുടെ ഉറവിടം വ്യക്തവുമല്ല. കൊവിഡ് ബാധിച്ച് ജില്ലയില്‍ ഇതുവരെ 110 പേരാണ് മരിച്ചത്. ഇതില്‍ 75 ശതമാനം പേരും 65 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. മറ്റ് ഗുരുതരമായ രോഗങ്ങളുള്ള 60 വയസിന് മുകളില്‍ പ്രായമുള്ളവരിലെ മരണനിരക്ക് 8 ശതമാനമാണ്.