Asianet News MalayalamAsianet News Malayalam

ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി, എ രാജയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി

വ്യജജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ്  സ്ഥാനാര്‍ത്ഥി ഡി.കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്

highcourt cancel devikulam election
Author
First Published Mar 20, 2023, 11:28 AM IST

എറണാകുളം: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണത്തിന് സിപിഎം എംഎൽഎ എ.രാജയ്ക്ക് അർഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകൾ കാണിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ദേവികുളത്തെ സിപിഎം എംഎൽഎ എ.രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി.കുമാറാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

എ.രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.  പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തു നിന്നു തെരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത എ.രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണു ഡി.കുമാർ ഹർജി നൽകിയത്. 

കോടതി ഉത്തരവിന്‍റെ   വിശദാംശങ്ങൾ  
രാജ ഹിന്ദു മതവിഭാഗത്തിൽപ്പെട്ടയാളെന്ന് പറയാനാകില്ല. രാജയുടെ നാമനി‍ർദേശം തന്നെ റിട്ടേണിങ് ഓഫീസർ തള്ളേണ്ടതായിരുന്നു. ഹിന്ദു പറയ സമുദായത്തിൽപ്പെട്ടയാളല്ല രാജയെന്ന്  വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യതയില്ല. ദേവികുളത്തെ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയാണ്. ഉത്തരവിന്‍റെ  പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും, നിയമസഭാ സ്പീക്കർക്കും, സംസ്ഥാന സർക്കാരിനും കൈമാറാനും കോടതി നി‍ർദേശം നല്‍കി. തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഗസറ്റിൽ വിജ്ഞാപനം  ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കോടതി നടപടിയിൽ സന്തോഷമുണ്ടെന്ന്  പരാതിക്കാരൻ ഡി കുമാർ പ്രതികരിച്ചു.: രാജ പട്ടികജാതിക്കാരനല്ല എന്നതിന് താൻ നൽകിയ തെളിവുകൾ കോടതി അംഗീകരിച്ചു.തെരഞ്ഞെടുപ്പ് നോമിനേഷൻ രാജ നൽകിയപ്പോഴും ഇതേ പരാതി ഉന്നയിച്ചതാണെന്നും ഡി കുമാർ വ്യക്തമാക്കി..

 

Follow Us:
Download App:
  • android
  • ios