കേസ് കഴിഞ്ഞ തവണ പരി​ഗണിക്കുമ്പോൾ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ കൂടുതൽ സാവകാശം വേണമെന്ന് പ്രതികൾ കോടതിയെ അറിയിച്ചിരുന്നു

കൊച്ചി: ഫോ‍ർട്ടുകൊച്ചി നമ്പർ 18 ഹോട്ടലുമായി(number 18 hotel) ബന്ധപ്പെട്ട പോക്സോ കേസിലെ(pocso case) മൂന്നു പ്രതികൾ സമ‍ർപ്പിച്ച മുൻകൂ‍ർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ (high court)ഇന്ന് ഉത്തരവുണ്ടാകും. ഹോട്ടൽ ഉടമ റോയി വയലാട്ട്(Roya vayalat) , സൈജു തങ്കച്ചൻ, ഇരുവരുടെയും സുഹൃത്തായ കോഴിക്കോട് സ്വദേശിനി അഞ്ജലി റിമാ ദേവ് എന്നിവരാണ് പ്രതികൾ. വയനാട് സ്വദേശിനിയായ പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്. എന്നാൽ പരാതിക്കാരിയായ പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുളള തർക്കമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് പ്രതികൾ കോടതിയെ അറിയിച്ചത്

കേസ് കഴിഞ്ഞ തവണ പരി​ഗണിക്കുമ്പോൾ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ കൂടുതൽ സാവകാശം വേണമെന്ന് പ്രതികൾ കോടതിയെ അറിയിച്ചിരുന്നു

എന്നാൽ റോയ് വയലാട്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തിങ്കഴാഴ്ച വരെ പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പണം തട്ടലാണ് പരാതിക്ക് പിന്നിലുള്ള ലക്ഷ്യമെന്നും ബെന്നി എന്നയാളെ പരാതിക്കാരി സാമ്പത്തിക തട്ടിപ്പ് കേസിൽ നേരത്തെ കുടുക്കിയിട്ടുണ്ടെന്നും പ്രതിഭാഗം അറിയിച്ചു. എന്നാൽ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം എടുക്കുന്നത് പരാതിക്കാരിയുടെ ഭാഗം കൂടി കേട്ട് വേണമെന്ന് സർക്കാർ വ്യക്തമാക്കി.

അതേസമയം പോക്സോ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള അഞ്ജലി റീമദേവിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ ഇരയുടെ പരാതി കിട്ടിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അഞ്ജലി റീമ ദേവ് പേര് വിവരങ്ങൾ വെളിപ്പെടുത്തി എന്നാണ് ഇരയുടെ അമ്മയുടെ പരാതി. സംഭവം അന്വേഷിക്കാൻ സൈബർ സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ നടപടി ഉണ്ടാകും. അഞ്ജലിയ്ക്കെതിരെ കോഴിക്കോട് ജില്ലയിൽ കേസുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കമ്മീഷണർ എ വി ജോർജ്ജ് പ്രതികരിച്ചു.

പ്രായപൂർത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അഞ്ജലി നടത്തിയ ആക്ഷേപം.എന്നാൽ അഞ്ജലി മയക്ക് മരുന്ന് ഇടപാടിലെ കണ്ണിയാണെന്നും വിവരങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരിയും വെളിപ്പെടുത്തി. 

പോക്സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് അടക്കം മൂന്ന് പേർക്കെതിരെ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പരാതിക്കാരിയെ അപമാനിച്ച് പ്രതികളിൽ ഒരാളായ അഞ്ജലി തുടർച്ചയായി സോഷ്യൽ മീഡിയയിലൂടെ പ്രതികരണങ്ങൾ നടത്തുന്നത്. പെൺകുട്ടിയുമായി ബാറിലടക്കമെത്തിയത് അമ്മയാണെന്നും പരാതിക്കാർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് അഞ്ജലിയുടെ പുതിയ ആരോപണം.

എന്നാൽ അഞ്ജലിയുടെ ആരോപണം തള്ളിയ പരാതിക്കാരി അഞ്ജലി മയക്കുമരുന്ന് ഇടപാടിലെ കണ്ണിയാണെന്ന് വെളിപ്പെടുത്തി. ഇക്കാര്യം പോലീസിനെ അറിയിച്ച തന്നെ അഞ്ജലിയുടെ ബന്ധു ഭീഷണിപ്പെടുത്തി. മകളെ ഇല്ലാത്ത ആരോപണങ്ങളിലേക്ക് വലിച്ചിഴച്ച് കേസ് പിൻവലിപ്പിക്കാനാണ് അഞ്ജലിയുടെ ശ്രമമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. മോഡലുകളുടെ അപകടമരണ കേസിന് ശേഷം ചിലർ തന്നെ പ്രത്യേക ലക്ഷ്യത്തോടെ കേസുകളിൽ കുടുക്കാൻ ശ്രമിക്കുകയാണ്. അതിൻറെ ഭാഗമായിട്ടാണ് പുതിയ കേസെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ റോയ് വയലാട്ട് പറയുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനും ഇതിനു പിന്നിൽ ഉണ്ടെന്നു ഹർജിയിൽ പറയുന്നു. 2021 ഒക്ടോബർ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നന്പർ 18 ഹോട്ടലിൽ വെച്ചാണ് ലൈംഗികതിക്രമം ഉണ്ടായതെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാർ.