അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനും ഹൈക്കോടതി നിർദേശം
കൊച്ചി;ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബി നൽകിയ ഹർജിയിലാണ് കോടതി നടപടി.കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി തീപ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. ഹർജി ഹൈക്കോടതി മൂന്നാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. കേസിൽ സൈബി ജോസിനെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. പോലീസിന്‍റെ പ്രാഥമിക റിപ്പോർട്ടിലുൾപ്പെടെ തനിക്കെതിരെ തെളിവില്ലെന്നാണ് സൈബി ജോസിന്‍റെ വാദം. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാകുറ്റവുമാണ് സൈബിയ്ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.
കുടിവെള്ള ക്ഷാമം നിലനിൽക്കുന്ന മരട് മുനിസിപ്പാലിറ്റിയിൽ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം ഉറപ്പാക്കാൻ ജലവിതരണ അതോറിറ്റിയക്ക് കോടതി നിർദ്ദേശം. പമ്പ് സെറ്റ് കേടായതിനെ തുടർന്ന് കുടിവെള്ള വിതരണം നിലച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി നിർദ്ദേശം. എന്നാൽ തൊണ്ണൂറ് ശതമാനം പ്രശ്നവും പരിഹരിച്ചതായും മൂന്നു പമ്പ് സെറ്റുകളിൽ രണ്ടെണ്ണം കേടായതാണ് കുടിവെള്ള ക്ഷാമത്തിന് കാരണമായതെന്നും ജല അതോറിറ്റി അറിയിച്ചു. എന്നാൽ പമ്പ് സെറ്റ് കേടായാലും കുടിവെള്ളം മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു. കുടിവെള്ള ക്ഷാമത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ട് നെട്ടൂർ സ്വദേശി ഇ.എൻ.നന്ദകുമാർ നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാൻ മാറ്റി
