കനത്ത ചൂടില്‍ പരീക്ഷ എത്തിയതോടെ വിവിധ സ്കൂളുകളില്‍ പ്രത്യേക കുടിവെള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ക്ലാസ് മുറിക്ക് പുറത്തും കുടിവെള്ളമുണ്ടാകും
തിരുവനന്തപുരം: വേനൽ ചൂടിനൊപ്പം പരീക്ഷകളും കൂടി തുടങ്ങിയതോടെ വിദ്യാഭ്യാസ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് തുടങ്ങി.
അടുത്ത മൂന്ന് ദിവസം ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വിവിധ ഇടങ്ങളില്‍ കൂടിയ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ തുടരും. പാലക്കാടാണ് ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 37.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
കത്തുന്ന വേനല്‍ച്ചൂടില്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഇന്നാരംഭിച്ചു. 4.59 ലക്ഷം വിദ്യാര്‍ത്ഥികളാണ് രണ്ടാം വര്‍ഷം പരീക്ഷ എഴുതുന്നത്. ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് ഇരിക്കുന്നത് 4.43 ലക്ഷം കുട്ടികളുമാണ്.
കനത്ത ചൂടില്‍ പരീക്ഷ എത്തിയതോടെ വിവിധ സ്കൂളുകളില്‍ പ്രത്യേക കുടിവെള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ക്ലാസ് മുറിക്ക് പുറത്തും കുടിവെള്ളമുണ്ടാകും.
കോഴിക്കോട് ജില്ലയിലെ ഉഷ്ണ തരംഗ മുന്നറിയിപ്പ് ചൊവ്വാഴ്ച ഉച്ചയോടെ കൂടി പിന്‍വലിച്ചിട്ടുണ്ട്. എങ്കിലും ജില്ലയില്‍ ശനിയാഴ്ച വരെ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുള്ള സാധ്യതയുണ്ട്.
